ഡൽഹി: അതിർത്തിയിൽ ചൈനയുടെ പ്രകോപനം തുടരുമ്പോഴും കൊവിഡിനെ നേരിടാൻ സുസജ്ജമായി സൈന്യം രംഗത്ത്. രാജ്യത്തെ ഒാക്സിജൻ ക്ഷാമം പരിഹരിക്കുക എന്ന ബൃഹത് ദൗത്യമാണ് വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. മെഡിക്കൽ ഒാക്സിജൻ കൊണ്ടുപോകുന്നതിനാവശ്യമായ കൂറ്റൻ ക്രയോജനിക് കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്യുന്നതും വ്യോമസേനയാണ്. ഇതിനായി സി 17, ഐഎൽ 76, സി 130 ജെ, എഎൻ 32 വിമാനങ്ങൾ സേന സജ്ജമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ചിനൂക്, മി 17 ഹെലികോപ്റ്ററുകളെയും വ്യോമസേന സജ്ജീകരിച്ചിട്ടുണ്ട്. ജർമനി, സിംഗപ്പുർ എന്നീ രാജ്യങ്ങളിൽ നിന്നും ക്രയോജനിക് കണ്ടെയ്നറുകൾ കൊണ്ടു വരാൻ വിമാനങ്ങൾ നിലവിൽ രാജ്യം വിട്ടിരിക്കുകയാണ്. ഒരു മിനിറ്റിൽ 40 ലീറ്റർ ഒാക്സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള 23 ഉപകരണങ്ങൾ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്തു കഴിഞ്ഞു. സിംഗപ്പുരിൽനിന്ന് 4 ഒാക്സിജൻ കണ്ടെയ്നറുകളുമായി സേനാ വിമാനം കഴിഞ്ഞ ദിവസം എത്തി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കു കണ്ടെയ്നറുകൾ എത്തിക്കാനും സേനാ വിമാനങ്ങളാണ് പ്രധാനമായും രംഗത്തുള്ളത്. കാലി കണ്ടെയ്നറുകൾ സംസ്ഥാനങ്ങളിലെത്തിച്ച ശേഷം അവയിലേക്ക് ഒാക്സിജൻ നിറയ്ക്കും. തുടർന്ന്, അവ റോഡ്, റയിൽ മാർഗമാണ് ആശുപത്രികളിലെത്തിക്കുക. തീപിടുത്ത സാധ്യത ഉള്ളതിനാൽ ഓക്സിജൻ നിറച്ച സിലിണ്ടറുകൾ വിമാനങ്ങളിൽ വിതരണം ചെയ്യാറില്ല.
രോഗികളെ ചികിൽസിക്കുന്നതിനാവശ്യമായ താൽക്കാലിക ആശുപത്രികൾ സജ്ജമാക്കാനുള്ള ദൗത്യം കരസേന ഏറ്റെടുത്തിരിക്കുകയാണ്. രോഗവ്യാപനം ഏറ്റവും രൂക്ഷമായ ഡൽഹിയിൽ 1000 പേരെ ചികിൽസിക്കാൻ കഴിയുന്ന താൽക്കാലിക ആശുപത്രി കരസേന സജ്ജമാക്കി കഴിഞ്ഞു.
സൈനിക ആശുപത്രികളിലെ ഡോക്ടർമാരെ കൊവിഡ് ആശുപത്രികളിൽ നിയമിച്ചിട്ടുണ്ട്. വിരമിക്കാനിരിക്കുന്ന സൈനിക ഡോക്ടർമാരുടെ സേവന കാലാവധിയും നീട്ടിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സേനാ ആശുപത്രികളും പൊതുജനത്തിനായി തുറന്നുകൊടുക്കാനും കോവിഡ് ചികിൽസ ലഭ്യമാക്കാനും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഉത്തരവിട്ടു കഴിഞ്ഞു. സേനാംഗങ്ങൾക്കാവശ്യമായ ഭക്ഷ്യപദാർഥങ്ങളടക്കമുള്ള വസ്തുക്കൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രെയിൻ കോച്ചുകൾ ഓക്സിജൻ കണ്ടെയ്നറുകൾ റയിൽമാർഗം കൊണ്ടുപോകുന്നതിനായി സൈന്യം വിട്ടു നൽകി.
കൊവിഡ് പ്രതിസന്ധി നേരിടാൻ നാവികസേനയും സജ്ജമാണ്. കഴിഞ്ഞ വർഷം കോവിഡ് പിടിമുറുക്കിയ വേളയിൽ, വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ നാവിക സേന മുഖ്യ പങ്കു വഹിച്ചിരുന്നു. റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് 50,000 മെട്രിക് ടൺ ഒാക്സിജൻ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇത് കൊണ്ടുവരാൻ സേനയുടെ യുദ്ധക്കപ്പലുകളായിരിക്കും ഉപയോഗിക്കുക.
സേനാംഗങ്ങൾക്കുള്ള വാക്സിൻ വിതരണവും മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. 13 ലക്ഷം പേരുള്ള കരസേനയിൽ 99 % പേർ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു. 82 % പേർക്ക് രണ്ടാം ഡോസും നൽകി. വ്യോമ, നാവിക സേനകളിൽ ഏറെക്കുറെ എല്ലാവർക്കും ആദ്യ ഡോസ് നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് സായുധ സേനകളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ അദ്ദേഹം സദാ സന്നദ്ധരായിരിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയിരുന്നു.
Discussion about this post