കോഴിക്കോട്: കേരളത്തിൽ എല്‍.ഡി.എഫ് തുടര്‍ ഭരണമെന്ന എക്സിറ്റ് പോളുകള്‍ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്. ഇടതുപക്ഷ സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും എക്സിറ്റ് പോളുകളില്‍ കണ്ടതുപോലെയുള്ള വിജയമുണ്ടാകുമെന്നുമാണ് വീണ അവകാശപ്പെടുന്നത്. സ്വകാര്യ ചാനലിനോടായിരുന്നു വീണയുടെ പ്രതികരണം.
”മന്ത്രി സ്ഥാനവും മറ്റുകാര്യങ്ങളും തെരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫ് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ ഭരണം മികച്ചതായിരുന്നു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് എതിര്‍ത്തവര്‍ക്കും ഇപ്പോള്‍ അച്ഛന്റ ഭരണവികവ് കാണാനും വിലയിരുത്താനും കഴിയുന്നുണ്ട്. മുമ്പ് മാധ്യമവാര്‍ത്തകള്‍ വിശ്വസിച്ചുള്ള അഭിപ്രായമായിരുന്നെങ്കില്‍ ഇപ്പോള്‍ നേരിട്ട് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്” -വീണ പറയുന്നു.
വീണയുടെ ഭര്‍ത്താവും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റുമായ പി.എ മുഹമ്മദ് റിയാസ് ഇക്കുറി ബേപ്പൂരില്‍ നിന്നാണ് ജനവിധി തേടുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എ മുഹമ്മദ് നിയാസാണ് പ്രധാന എതിരാളി.
2009 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷം റിയാസ് ഇതാദ്യമായാണ് ജനവിധി തേടുന്നത്.
Discussion about this post