ഡല്‍ഹി: ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായി അറിയപ്പെട്ടിരുന്ന ആര്.ജെ.ഡി മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീന് മരിച്ചു. ഡല്‍ഹി ദീന് ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിക്കവേയായിരുന്നു അന്ത്യം. ഷഹാബുദ്ദീന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാറിനോടും ജയില്‍ അധികൃതരോടും ഡല്‍ഹി ഹൈകോടതി ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു.
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷഹാബുദ്ദീന് തിഹാര്‍ ജയിലില്‍ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷഹാബുദ്ദീനൊപ്പമുള്ള സഹതടവുകാര്‍ക്ക് ഏപ്രില്‍ ആദ്യം വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് തന്നെ രോഗബാധിതനായ സഹതടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഷഹാബുദ്ദീന് ഹൈകോടതിയെ സമീപിച്ചിരുന്നു . സിവാനില്‍ നിന്ന് നാലു തവണ ലോക്സഭാംഗമായിരുന്ന ഷഹാബുദ്ദീന്, കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്
പ്രമാദമായ രാജീവ് റോഷന് വധക്കേസില്‍ ജയിലിലായിരുന്ന ഷഹാബുദ്ദീന് 11 വര്‍ഷത്തിന് ശേഷം 2016ലാണ് ജാമ്യം നേടിയത്. സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ദൃക്സാക്ഷിയായ രാജീവ് റോഷന് വെടിയേറ്റു മരിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ഷഹാബുദ്ദീന് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Discussion about this post