കൊച്ചി: ഹൈക്കോടതിക്കെതിരായ വിവാദ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എം പിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്കി. കണ്ണൂര്‍ ഷുഹൈബ് വധകേസില്‍ സുധാകരന് ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിന് തൊട്ടുപിന്നാലെയാണ് നീക്കം.
കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിവിധി മ്ലേചം എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. വിധിപ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറില്‍ ആണെന്നും സുധാകരന് വിമര്‍ശിച്ചിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. 2019 ഓഗസ്റ്റില്‍ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന് ബെഞ്ച് ഷുഹൈബ് വധകേസ് സി ബി ഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
അതേസമയം, പറഞ്ഞതില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്ന് കെ സുധാകരന് മാദ്ധ്യമങ്ങളോട് പറഞ്ഞു. പറയാന്‍ പറ്റാത്ത വാക്കൊന്നും പറഞ്ഞിട്ടില്ല. ശിക്ഷിക്കാന്‍ വകുപ്പില്ലെന്നാണ് പൂര്‍ണ വിശ്വാസം. പറഞ്ഞത് ജഡ്ജിയെ അല്ല കോടതിയെ ആണെന്നും സുധാകരന് പറഞ്ഞു.
Discussion about this post