തിരുവനന്തപുരം: സംസ്ഥാനം ആര് ഭരിക്കും എന്ന് വ്യക്തമാകാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. അൽപ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം കാത്തിരിക്കുന്ന ജനവിധി വ്യക്തമാകും. സായുധസേനയുടെ സുരക്ഷയിൽ കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുത്തതോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങി.
40,771 ബൂത്തുകൾ, രണ്ട് കോടിയിലധികം വോട്ടുകൾ, റിസര്‍വ് ഉൾപ്പടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 54349 വിവിപാറ്റ് മെഷീനുകൾ എന്നിവയാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. 957 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നു.
ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ തപാൽ വോട്ടുകളുണ്ട്. ഇവയെണ്ണാൻ അഞ്ച് മുതൽ എട്ട് വരെ മേശകൾ ക്രമീകരിച്ചിട്ടുണ്ട്. ഇവയാകും ആദ്യമെണ്ണുക.എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും.











