അഹമദാബാദ്: ക്ഷമാപണം നടത്തുന്നതിന് പകരം ധാര്‍ഷ്ട്യം പ്രകടിപ്പിച്ച പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അഹ്മദാബാദിലെ ഒരു റസ്റ്റാറന്റില്‍ ഹാര്‍ദിക് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍നിന്നാണ് 60ലേറെ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയത്.
അഹമദാബാദിലെ ഒരു ഹോട്ടലില്‍ രാവിലെ 11.30 ന് വാര്‍ത്താസമ്മേളനം നടത്തുമെന്നായിരുന്നു ഹാര്‍ദിക് അറിയിച്ചിരുന്നത്. കൃത്യസമയത്ത് വാര്‍ത്താലേഖകര്‍ക്ക് എത്തിയെങ്കിലും ഹാര്‍ദിക് എത്തിയത് 45 മിനിറ്റ് വൈകി. റിപ്പോര്ട്ടര്മാരില് പലര്‍ക്കും ഉച്ചക്ക് പൊലീസ് കമീഷണറുടെ വാര്ത്താസമ്മേളനത്തിനെത്തേണ്ടതുണ്ടായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി, വൈകിവന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാര്‍ദിക്കിനെ പ്രതിഷേധമറിയിച്ചു.
എന്നാല്‍, മാപ്പുപറയുന്നതിന് പകരം യുവനേതാവ് ധിക്കാരപൂര്‍വം സംസാരിക്കുകയായിരുന്നു. തന്റെ വാര്ത്താസമ്മേളനത്തിലിരിക്കാന് സൗകര്യമുള്ളവര്‍ക്ക് അവിടെയിരിക്കാമെന്നും കമീഷണറെ കാണാന്‍ പോകേണ്ടവര്‍ക്ക് പോകാം എന്നുമായിരുന്നു ഹാര്‍ദിക്കിന്റെ മറുപടി. കുപിതരായ മാധ്യമപ്രവര്‍ത്തകര്‍ ഇതോടെ ഹാളില്‍നിന്ന് ഇറങ്ങിപ്പോയി.
സംവരണ പ്രശ്നം സംബന്ധമായി മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് ഹാര്‍ദിക് അയച്ച കത്തിന്റെ കോപ്പികള്‍ ചില മാധ്യമപ്രവര്‍ത്തകര്‍ ചുരുട്ടിയെറിയുകയും ചെയ്തു.
Discussion about this post