കാഠ്മണ്ഡു: കഴിഞ്ഞ സീസണിൽ കോവിഡ്പശ്ചാത്തലത്തിൽ താറുമാറായ എവറസ്റ്റ് ടൂറിസം ഇത്തവണ സജീവമായതിനിടെ നിരവധി പേർക്ക് വൈറസ് ബാധ. നേപ്പാളിലെ ബേസ് ക്യാമ്പിൽ നടന്ന പരിശോധനയിലാണ് നിരവധി പേർ കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ എവറസ്റ്റ് കയറുന്ന സീസണിൽ രോഗം ഭീഷണിയുയർത്തുന്നത് വിനോദ സഞ്ചാരികളെയും പര്യവേക്ഷകരെയും ആശങ്കയിലാഴ്ത്തി.
നേപ്പാൾ പർവതാരോഹണ ഏജൻസി ഇതുവരെ നാലു പേർക്കേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും 30ലേറെ പേരെ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ വഴി കാഠ്മണ്ഡുവിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു.
നേപ്പാളിൽ അടുത്തിടെയായി കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മേയ് അഞ്ചിന് 6,700 പേരിലായിരുന്നു പുതുതായി രോഗം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് 1,100 മാത്രമായിരുന്നതാണ് ആറിരട്ടി വർധിച്ചത്.
ഈ വർഷം പുതുതായി എവറസ്റ്റ് കയറാൻ 408 പേർക്ക് അനുമതി നൽകിയിട്ടുണ്ട്. 72 മണിക്കൂറിനകം പൂർത്തിയാക്കിയ കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നാണ് നിർദേശം. മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്, മാത്രമല്ല മറ്റെല്ലാ വ്യക്തികളിൽ നിന്നും എല്ലായ്പ്പോഴും അവരുടെ ശാരീരിക അകലം പാലിക്കാനും മലകയറ്റക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു.
Discussion about this post