ബെംഗളൂരു: സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്ക വിൽപന റാക്കറ്റ് വിവാദത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, 3 പേരെ കൂടി അറസ്റ്റ് ചെയ്തു . കഴിഞ്ഞ ദിവസം 2 ഡോക്ടർമാർ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്ക ലക്ഷങ്ങൾ വാങ്ങി കരിഞ്ചന്തയിൽ മറിച്ചു വിൽക്കുന്ന ബിബിഎംപി വാർറൂം, ആശുപത്രി ജീവനക്കാർ ഉൾപ്പെട്ട റാക്കറ്റിന്റെ ഭാഗമാണിവർ. വ്യാജ പേരുകളിൽ കിടക്കകൾ തടഞ്ഞുവച്ച ശേഷം മറിച്ചുവിൽക്കുന്നതാണ് തട്ടിപ്പു രീതി. നഗരത്തിലെ ഓക്സിജൻ കിടക്കകൾ ലഭിക്കാതെ പരക്കം പായുന്ന കോവിഡ് ബാധിതരെയാണു സംഘം ലക്ഷ്യമിടുന്നത്.
സംഭവത്തിൽ കർണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറി പി.രവികുമാർ, ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത തുടങ്ങി 31 ഉദ്യോഗസ്ഥർക്ക് നോട്ടിസ് അയച്ചു. റാക്കറ്റിലെ മുഖ്യകണ്ണികളും ഡോക്ടർമാരുമായ റിഹാൻ, ശശി എന്നിവർ ഉൾപ്പെടെ 4 പേരെ ബുധനാഴ്ച ബെംഗളൂരു പൊലീസിനു കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് എംഎസ് രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ കിടക്ക 1.2 ലക്ഷം രൂപ കൈക്കൂലി വാങ്ങി തരപ്പെടുത്തിയതിനു ആശുപത്രി ജീവനക്കാരായ വെങ്കടസുബ്ബ റാവു (32), മഞ്ചുനാഥ് (31), ബിബിഎംപി ആരോഗ്യമിത്ര ജീവനക്കാരനായ പുനീത് (31) എന്നിവരെ കൂടി അറസ്റ്റ് ചെ/യ്തത്. മാതാവ് ലക്ഷ്മിദേവമ്മ കോവിഡ് കിടക്ക ലഭ്യമാക്കാനായി ഇവർക്ക് 50000 രൂപ ഗൂഗിൾ പേ വഴിയും 70000 രൂപ നേരിട്ടും കൈമാറിയതായി കാണിച്ച് മകൻ ലക്ഷ്മിഷാ സദാശിവനഗർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണിത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കകം ലക്ഷ്മി ദേവമ്മ മരിച്ചതിനെ തുടർന്നാണു പരാതിയെന്ന് ഡിസിപി എം.എൻ അനുഛേത് പറഞ്ഞു.
Discussion about this post