കോവിഡ് രണ്ടാം തരംഗം അതിന്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ രോഗ വ്യാപനവും, പ്രതിരോധ മാർഗ്ഗങ്ങളും ചർച്ചയാകുന്നു സന്ദർഭങ്ങളിൽ നമുക്ക് ചുറ്റും നടക്കുന്ന ഓരോ കാഴ്ചയും കേൾവിയും അങ്ങേയറ്റം ഭീതിയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങൾ കോവിഡ് ബാധയാൽ തകർന്നടിഞ്ഞപ്പോളും പിടിച്ചു നിന്നു എന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തിൽ നടിയും മോഡലും സാമൂഹികപ്രവർത്തകയുമായ രാധിക വേണുഗോപാ (സാധിക )ലിനുണ്ടായ അനുഭവം അവർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് അടിയന്തിരചികിത്സ കിട്ടാനുള്ള നിലവിലുള്ള സർക്കാർ സംവിധാനങ്ങളുടെ പോരായ്മയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
രാധികയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം :-
പ്രിയ സുഹൃത്തുക്കളുടെയും അധികാരികളുടെയും ശ്രദ്ധയിലേക്ക്,
എന്റെ പേര് രാധിക വേണുഗോപാൽ (സാധിക ) ഞാൻ ഇവിടെ കുറിക്കുന്നത് കേട്ടുകേൾവിയോ, മറ്റൊരാളുടെ അനുഭവമോ ഒന്നും അല്ല. ഈ കേരളത്തിൽ ജീവിക്കുന്ന എന്റെ മാത്രം അനുഭവം ആണ്. കഴിഞ്ഞ കുറച്ചു ദിവസം ആയി ഞാൻ നേരിട്ട് അറിഞ്ഞ അനുഭവിച്ചു ബോധ്യപ്പെട്ട എന്റെ അനുഭവങ്ങൾ.
അല്പം രക്ഷപ്രവർത്തനങ്ങളും സാമൂഹ്യ കാര്യങ്ങളും കൂട്ടുകാരുമായി ചെയ്യുന്നത് കൊണ്ട് തന്നെ ഈ മഹാമാരിയുടെ സമയത്തും പലരും ആവശ്യങ്ങൾ ആയി ഞാൻ കൂടി അംഗം ആയ KRA, WeCare, Helping Brainz എന്നീ ഗ്രൂപ്പുകളിൽ പല അടിയന്തിര ആവശ്യങ്ങൾക്കും ബന്ധപ്പെടാറുണ്ട് എന്നിരിക്കെ, കഴിഞ്ഞ ദിവസം മെയ് 5നു രാത്രി മാർത്താണ്ടത് ഒരു രോഗി അത്യാസന്ന നിലയിൽ ആണെന്നും കേരളത്തിൽ എവിടെ എങ്കിലും icu വെന്റിലെറ്റർ വേണം എന്നും പറഞ്ഞു എന്റെ ഫേസ്ബുക്കിൽ എനിക്കൊരു സന്ദേശം വന്നു.
പരിശോധിച്ചപ്പോൾ വാർത്ത സത്യമാണെന്നു അറിഞ്ഞു ഞങ്ങൾ ഗ്രൂപ്പിൽ എല്ലാവരും തിരച്ചിൽ ആരംഭിച്ചു. സർക്കാർ പറഞ്ഞതനുസരിച്ചു ജാഗ്രത പോർടെൽ ആയിരുന്നു ആദ്യത്തെ ആശ്രയം അതിൽ കാണിച്ചത് പ്രകാരം തിരുവനന്തപുരം മുതൽ എറണാകുളം വരെ വിളിച്ചതിൽ ഒരു സ്ഥലത്തു പോലും അതിൽ പറഞ്ഞിരിക്കുന്ന എണ്ണം പോയിട്ടു ഒന്ന് പോലും ഉണ്ടായിരുന്നില്ല. പിന്നീട് കൊല്ലം അസിസിയിൽ ഒരു icu ഉണ്ടെന്നറിഞ്ഞു അവരെ തിരിച്ചു വിളിച്ചപ്പോളേക്കും അവർ ക്ഷമ നശിച്ചു രോഗിയെയും കൊണ്ട് തമിഴ്നാട്ടിലോട്ട് പോയി എന്നറിഞ്ഞു. എന്തുകൊണ്ട് വൈകി എന്ന് തിരക്കിയപ്പോൾ ഉച്ചമുതൽ വെയ്റ്റിംഗ് ലിസ്റ്റ് ആണ് എന്നറിഞ്ഞു. പിന്നീട് അല്പം സമയത്തിനുള്ളിൽ തന്നെ യാത്രാമധ്യത്തിൽ രോഗി മരിച്ചു എന്ന വിവരവും ലഭിച്ചു.
ഇന്നലെ ഉച്ചക്ക് ആഹാരം കഴിക്കുമ്പോൾ ആണ് ഗ്രൂപ്പിൽ ഒരു സുഹൃത്ത് വീണ്ടും ഇതേ ആവശ്യം പറഞ്ഞു വിളിക്കുന്നത്. രോഗി വൈറ്റില ആശുപത്രിയിൽ ആണ് പെട്ടന്ന് ചുമ വരികയും ഓക്സിജൻ കുറയുകയും ചെയ്തു ഏറ്റവും വേഗത്തിൽ icu വിലേക്കു മാറ്റണം എന്ന്.വീണ്ടും എല്ലാവരും പരിശ്രമം ആരംഭിച്ചു. വീണ്ടും ജാഗ്രത ആപ്പിൽ ശ്രമിച്ചു അവസ്ഥ അതുതന്നെ. ബെഡ് കാണിക്കുന്നുണ്ട് 2,4 ,6 അങ്ങിനെ എന്നാൽ ഹോസ്പിറ്റലിൽ വിളിക്കുമ്പോൾ പൂജ്യം. പിന്നീട് കണ്ട്രോൾ റൂം നമ്പർ വിളിച്ചു ലൈൻ നോട്ട് അവൈലബിൾ. ചിലതു കിട്ടുന്നില്ല, ചിലതു തിരക്കിൽ (എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ). ഇത്രേം സമയം രോഗിയുടെ ഓക്സിജൻ കാത്തുനിക്കില്ല എന്നോർക്കണം. സാചുറേഷൻ 75 ഉണ്ടായിരുന്നത് മിനിറ്റുകൾക്കുള്ളിൽ 50ആയി.
ഇതിനിടയിൽ ഓക്സിജൻ വാർ റൂം കണക്ട് ആയി അവർക്കു അവിടുന്ന് ഈ കാര്യത്തിൽ ഒന്നും ചെയ്യാനൊക്കില്ല എന്ന് പറഞ്ഞു പിന്നെ അതിഥി കണ്ട്രോൾ റൂം വിളിച്ചു ഭാഗ്യത്തിന് കിട്ടി പക്ഷെ അവർക്കു അതിഥിയെ മാത്രമേ നോക്കാൻ പറ്റൂ. ഇവിടെ ഉള്ളവർക്ക് ഇല്ല്യ. മുൻപ് വിളിച്ച കണ്ട്രോൾ റൂമിൽ വിളിക്കാൻ പറഞ്ഞു. അവിടെ കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോൾ മുകളിൽ ഉള്ളവരെ അറിയിക്കാം എന്ന് പറഞ്ഞു. രോഗി അതുവരെ കാത്തു നിൽക്കുമോ എന്ന് എനിക്കറിയില്ല എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.
സൺറൈസ്, ആസ്റ്റർ, അമൃത, ഇ എംസി, രാജഗിരി അങ്ങനെ വിളിക്കാത്ത സ്ഥലങ്ങൾ ഇല്ല. അവസാനം ജില്ല മാറ്റി പിടിച്ചു സുഹൃത്ത് വഴി അരൂർ ചേർത്തല നോക്കിയപ്പോൾ ചേർത്തലയിൽ ഒരെണ്ണം കിട്ടി. ആശ്വസിച്ചു വിളിച്ചപ്പോൾ അറിഞ്ഞത് രോഗിയുടെ മരണവാർത്ത ആണ്.
ഇന്ന് രാവിലെ 10മണിക്ക് വീണ്ടും ഗ്രൂപ്പിൽ ആവശ്യം ഉയർന്നു തൃക്കാക്കരയിൽ ഉള്ള ഒരു രോഗിക്കായി. വീണ്ടും കണ്ട്രോൾ റൂമിൽ ഒരു പരീക്ഷണം നടത്തി നമ്മൾ മലയാളികൾ തോറ്റുകൊടുക്കാറില്ലല്ലോ. ഭാഗ്യത്തിന് കിട്ടി പക്ഷെ ഉത്തരം കേട്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി.
പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണെങ്കിൽ നമ്മൾ ഓരോ ഹോസ്പിറ്റലിൽ വിളിച്ചു ചോദിക്കണം. ഇനി അല്ല സർക്കാർ ആണെങ്കിൽ ഇപ്പോൾ നിലവിലുള്ള ഹോസ്പിറ്റലിൽ നിന്നു ഷിഫ്റ്റിംഗിന്നുള്ള ഹെൽത്ത് കാർഡ് എടുക്കണം അത് കളമശ്ശേരിക്കോ പിവിസ് ലേക്കോ കൊടുക്കാം അവിടെ ഒഴിവു വരുമ്പോൾ വിളിച്ചോളും എന്ന്. ഞാൻ പറഞ്ഞു ഓക്സിജൻ കുറയുകയാണ് സീരിയസ് ആണ് എവിടെ ഉണ്ടെന്നെങ്കിലും പറയാനൊക്കുമോ എന്ന് തിരക്കി .
അപ്പോൾ അതവർക്ക് അറിയില്ല നമ്മൾ തിരക്കണം എന്നും, വീട്ടിൽ ആണ് രോഗി എങ്കിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ന്റെ കയ്യിൽ നിന്നും ഷിഫ്റ്റ് ചെയ്യാനുള്ള കാർഡ് വാങ്ങി എടുക്കണം എന്നും മറുപടി കിട്ടി. എന്നിരുന്നാലും വളരെ മാന്യമായാണ് അവരെന്നോട് സംസാരിച്ചതും കാര്യങ്ങൾ വിശദീകരിച്ചു തന്നതും.
ഇന്നും ജാഗ്രതയും ഒന്നും സഹായിച്ചില്ല ഭാഗ്യത്തിന് ലേക്ക്ഷോറിൽ icu കിട്ടി അവരെ അങ്ങോട്ട് മാറ്റാൻ സാധിച്ചു.
പറഞ്ഞു വന്നത്, ഇതുപോലെ നമുക്കൊരു ആവശ്യം വരുമ്പോൾ ആണ് നമ്മൾ എല്ലാവരും ഈ നമ്പർ ഒക്കെ ഒന്ന് വിളിച്ചു നോക്കുന്നത്. വേണ്ടപ്പെട്ടവരുടെ ശ്വാസം നഷ്ടപ്പെടാൻ നേരത്തു ഇതുപോലെ ഒന്നും കേട്ടിരിക്കാനും എല്ലാ ഹോസ്പിറ്റലിലേക്കും വിളിച്ചു ചോദിക്കാനും പറ്റിക്കോണം എന്നില്ല.
എല്ലാവർക്കും ജാഗ്രതയിലെ കിടക്കകൾ എല്ലാം പ്രതീക്ഷകൾ ആണ്. അതിലൊട്ടൊന്നു വിളിച്ചു നോക്കുമ്പോൾ മാത്രമേ അറിയൂ അതിൽ മിക്കതും ഇല്ല എന്ന സത്യം.അധികാരികൾ പലരും ഇതൊന്നും അറിയുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത് അല്ലാതെ ഇപ്പോളും ഈ കിടക്കക്കായി ജാഗ്രതപോർടെൽ, കണ്ട്രോൾ റൂം എന്നൊക്കെ പറയില്ലല്ലോ
ഇതിൽ രാഷ്ട്രീയം ഇല്ല ദയവു ചെയ്തു അങ്ങിനെ കാണരുത് ഞാൻ അടക്കമുള്ള ഒരുപാട് ആളുകളുടെ വേദന ആണ്. ഞാൻ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ആണ്. ഈ പ്രശ്നങ്ങൾ ഏറ്റവും വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ നമുക്കിനിയും ഒരുപാട് പേരെ നഷ്ടം ആയേക്കാം എന്നൊരു ഓർമപ്പെടുത്തൽ ആണ് അപേക്ഷ ആണ് .
Discussion about this post