ന്യൂഡൽഹി : ലോകത്തിന് വളരെയധികം സഹായങ്ങൾ ചെയ്ത ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്ന് ജർമ്മനി. നാല് ലക്ഷം ലിറ്റർ ഓക്സിജൻ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റ് ജർമ്മനി ഇന്ത്യയ്ക്ക് നൽകി. ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ കോവിഡ് ആശുപത്രിയിലായിരിക്കും പ്ലാന്റ് സ്ഥാപിക്കുന്നത്. ജർമ്മൻ അംബാസിഡർ വാൾട്ടർ ജെ ലിൻഡർ പ്ലാന്റ് പരിശോധന നടത്തി.
ഇന്ത്യയ്ക്ക് ഓക്സിജൻ ആവശ്യമുണ്ടെന്ന് അറിഞ്ഞപ്പോൾ ജർമ്മൻ പ്രതിരോധ വകുപ്പ് പ്രത്യേകമായി ഡിസൈൻ ചെയ്ത് തയ്യാറാക്കിയ പ്ലാന്റാണിതെന്ന് ലിൻഡർ പറഞ്ഞു. തിങ്കളാഴ്ച്ച ഓക്സിജൻ പ്ലാന്റ് ടെസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയ്ക്കായി വലിയ ഓക്സിജൻ പ്ലാന്റ് അയയ്ക്കുമെന്ന് നേരത്തെ ജർമ്മൻ ചാൻസിലർ ഏഞ്ചല മെർക്കലും വ്യക്തമാക്കിയിരുന്നു. ഇത്ര വലിയ ഓക്സിജൻ പ്ലാന്റ് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സംവിധാനം ഒരുക്കാനാണ് സമയം വേണ്ടതെന്നും അവർ വ്യക്തമാക്കിയിരുന്നു.ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെയും ജർമ്മൻ അംബാസിഡറുടേയും സംയുക്ത ശ്രമഫലമായാണ് ഓക്സിജൻ പ്ലാന്റ് ഇന്ത്യയിലെത്തിയത്. തിങ്കളാഴ്ച്ച പരീക്ഷണം വിജയകരമായി പൂർത്തിയായാൽ ഇന്ത്യയുടെ ഓക്സിജൻ ആവശ്യകതയ്ക്ക് വലിയ ആശ്വാസമാകും ഈ പ്ലാന്റ്.











