ഔറംഗബാദ്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ചതിന് ശിവസേന നേതാവിനും അനുയായികൾക്കുമെതിരെ കേസ്. ഔറംഗബാദ് മുൻ മേയർ നന്ദകുമാർ ഖോഡലെക്കെതിരെയാണ് കേസ്. മെയ് 4നായിരുന്നു ജന്മദിനാഘോഷം.
നന്ദകുമാർ ഖോഡലക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 30 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ പ്രതികളെ ബോംബെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ജനപ്രതിനിധികൾ മാതൃകയായി പെരുമാറണം. മുന്നിൽ നിന്ന് നയിക്കേണ്ടവരും മാതൃകകളായി പെരുമാറേണ്ടവരും പരസ്യമായി ആഘോഷം നടത്തി അഭിമാനിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് കോടതി പറഞ്ഞു.
രോഗവ്യാപനം വർദ്ധിക്കുമ്പോഴും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ പോലും തയ്യാറാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. പൗരൻമാരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി ഓർമ്മിപ്പിച്ചു.
Discussion about this post