ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിനിടെ മാരകമായ ബ്ലാക് ഫംഗസ് ബാധയും പടരുന്നു. മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള 8 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ വിഭാഗം വ്യക്തമാക്കി.
കൊവിഡ് രോഗബാധ അതിജീവിച്ചവരിലാണ് ബ്ലാക് ഫംഗസ് ബാധ പടരുന്നത്. രോഗബാധയെ തുടർന്ന് പ്രതിരോധ ശേഷി ദുർബലമാകുന്നവരിലാണ് ഫംഗസ് ബാധ മാരകമാകുന്നത്.
നനവുള്ള പ്രതലങ്ങളിൽ കാണപ്പെടുന്ന മ്യൂകർ എന്ന പൂപ്പലാണ് രോഗകാരി. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചിട്ടുള്ള രോഗികളിൽ ഇവ പടരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് നീതി ആയോഗ് ആരോഗ്യ വിദഗ്ധൻ ഡോക്ടർ വി കെ പോൾ പറഞ്ഞു.
നേരത്തെ തന്നെ നിലവിലുള്ള രോഗബാധയാണ് ബ്ലാക് ഫംഗസ്. കൊവിഡാനന്തര രോഗങ്ങളുടെ കൂട്ടത്തിൽ മാരകമായേക്കവുന്ന അവസ്ഥയാണ് ഇത്. ഇതിന്റെ ചികിത്സയും വളരെ ചിലവേറിയതാണ്. പ്രതിദിനം 9,000 രൂപ ചിലവ് വരുന്ന ഇൻജക്ഷനും മറ്റ് ചികിത്സാ മാർഗങ്ങളും ചുരുങ്ങിയത് 21 ദിവസത്തേക്ക് വേണ്ടി വരും.
മഹാരാഷ്ട്ര സ്വദേശിയായ ഒരു വ്യക്തിക്ക് ഈ രോഗബാധയെ തുടർന്ന് ഒരു കണ്ണ് പൂർണ്ണമായും എടുത്ത് മാറ്റേണ്ടി വന്നു. 29കാരനായ ഒരു രോഗിക്ക് ഇരു കണ്ണുകളും നഷ്ടമായി. ഇത്തരം രോഗബാധകളെ കൊവിഡിനെ പോലെ തന്നെ ഭയക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post