കോഴിക്കോട്: അങ്ങനെ മറ്റൊരു മെയ് 12 കൂടി വന്നെത്തിയിരിക്കുകയാണ്. കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടിച്ചുകുലുക്കി അതിന്റെ സംഹാര താണ്ഡവം രണ്ടാം വര്‍ഷത്തിലേക്കും രണ്ടാം തരംഗത്തിലേക്കും കടക്കുന്നു. ലോകത്തെയാകെ വിറപ്പിച്ച കൊറോണ വൈറസിനെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇത്തവണയും നഴ്സസ് ദിനം കടന്നെത്തുന്നത്. 2021 ലെ നഴ്‌സസ് ദിനത്തിന് ഏറെ വാര്‍ത്താ പ്രാധാന്യമുണ്ട്. ഒരു പക്ഷേ നഴ്‌സിങ്ങ് പ്രൊഫഷന്റെ ചരിത്രത്തില്‍ തന്നെ ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കോവിഡിനെതിരെയുള്ള മുന്നണിപ്പോരാളികളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നവരില്‍ നഴ്‌സുമാര്‍ എന്നും ലോകത്തിന്റെ ഏതു കോണിലായാലും ഉണ്ട്. ആതുരസേവന രംഗത്തെ കാവല്‍മാലാഖമാര്‍ എന്നൊക്കെ പല കോണുകളില്‍ നിന്നും നഴ്‌സുമാര്‍ മുമ്പും വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും ഉപരിപ്ലവമായ ഇത്തരം പ്രശംസകള്‍ക്കപ്പുറം നഴ്‌സുമാരെയോ നഴ്‌സിംഗ് ജോലിയുടെ മഹത്വമോ മനസ്സിലാക്കിയിട്ടുള്ളവര്‍ യഥാര്‍ഥത്തില്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ ഈയടുത്ത കാലം വരെ. മാലാഖമാരെന്ന പതിവ് വിശേഷണങ്ങള്‍ക്കപ്പുറം ആരോഗ്യ രംഗത്തെ യോദ്ധാക്കളാണ് ഇപ്പോൾ നഴ്സുമാർ.
കൊവിഡിനെതിരായ യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും പതറാതെ നിർഭയം പിടിച്ചു നിൽക്കുന്നവർ. പരാതികളൊന്നുമില്ലാതെ കൊവിഡ് കിടക്കയിൽ തനിച്ചായിപ്പോയവർക്ക് സ്വാന്തനമാവുന്നവർ, സ്വയം രോഗിയായേക്കാവുന്ന സാഹചര്യത്തിലും മരണത്തിൽ നിന്ന് രോഗികളെ കൈപിടിച്ചുയർത്തുന്നവർ, പ്രിയപ്പെട്ടവരിൽ നിന്നകന്ന് ഐസൊലേഷൻ വാർഡുകളിലേക്കും തീവ്രപരിചരണ വിഭാഗത്തിലേക്കും ജീവിതം തന്നെ പറിച്ച് നട്ടവർ, അങ്ങനെ എത്ര വിശേഷണങ്ങള്‍ നൽകിയാലും ഒന്നും മതിയാകില്ല.
ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പി എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയിട്ട് അത്രയൊന്നും വര്‍ഷങ്ങള്‍ ആയിട്ടില്ല. 1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ICN) മെയ് പന്ത്രണ്ട് നഴ്‌സസ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വിളക്കേന്തിയ വനിത (Lady with the lamp) എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെക്കുറിച്ചും അവര്‍ ആതുരശുശ്രൂഷാ രംഗത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചും നാം ഇന്ന് ഏറെ വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. വളരെ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന മിസ് നൈറ്റിംഗേല്‍ അക്കാലത്ത് സഹജീവികളോടും രോഗികളോടും മുറിവേറ്റവരോടും ഉള്ള കാരുണ്യം ഒന്നു കൊണ്ടുമാത്രം നഴ്‌സിങ്ങിന് ഒരു വ്യക്തമായ പാഠ്യപദ്ധതിയോ വിദ്യാഭ്യാസ സംവിധാനമോ പോലും ഇല്ലാതിരുന്ന കാലത്ത് ആതുരശുശ്രൂഷാ രംഗത്തേക്കിറങ്ങിയ മഹദ് വ്യക്തിയായിരുന്നു.
മഹാമാരിക്കാലത്ത് ഒരു നഴ്സസ് ദിനം കൂടിയെത്തുമ്പോൾ ഹൃദയപൂര്‍വ്വമായ ആശംസകള്‍ കൊണ്ടു നമുക്കിവരെ ചേര്‍ത്തുവെക്കാം. ഏതൊരു പകർച്ചവ്യാധിക്കാലത്തും ആരോഗ്യ രംഗത്തിന്‍റെ നട്ടെല്ലായ നഴ്സുമാര്‍ക്ക് ഈ മേഖലയില്‍ വേണ്ട പരിഗണന കൂടി ഉറപ്പ് വരുത്തുന്നതാവട്ടെ ഈ നഴ്സസ് ദിനം എന്ന ആശംസയും നൽകാം.
Discussion about this post