കൊച്ചി : തുടർ ഭരണത്തിന് വേണ്ടത്ര ഭൂരിപക്ഷം കിട്ടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം സർക്കാർ അധികാരം ഏൽക്കാൻ വൈകുന്നത് ജ്യോതിഷവിധി പ്രകാരമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുമ്പ് കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ച ജ്യോത്സ്യൻ ആണ് അധികാരമേൽക്കാനുള്ള തിയതിയും സമയവും കുറിച്ചതെന്നാണ് പറയുന്നത്.
സി പി എമ്മിലെ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കളുമായി അടുപ്പമുള്ള പയ്യന്നൂർ സ്വദേശിയായ ജ്യോതിഷന്റെ നിർദ്ദേശ പ്രകാരമാണ് മെയ് 18ന് ഷഷ്ഠി ദിനത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ സത്യപ്രതിജ്ഞ നടത്തിയാൽ മതി എന്ന് തീരുമാനിച്ചതെന്നും, മെയ് 17 വരെ സർക്കാരിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയുടെ ജാതകത്തിൽ ദോഷങ്ങൾ ഉണ്ടെന്നും, ഈ കാലയളവിൽ അധികാരമേറ്റാൽ മന്ത്രി സഭ കാലാവധി പൂർത്തിയാക്കില്ലെന്നുമാണ് ജ്യോത്സ്യവിധിയെന്നാണ് റിപ്പോർട്ട് .
1944 മാർച്ച് 23 ന് മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൽ ജനിച്ച മുഖ്യമന്ത്രിക്ക് ഈ മാസം 17 വരെ ജ്യോത്സ്യവിധി പ്രകാരം ശുഭമല്ലെന്ന നിരീക്ഷണമാണ് തിടുക്കപ്പെട്ട് അധികാരത്തിലേറേണ്ടെന്ന തീരുമാനമെടുക്കാൻ അദ്ദേഹത്തോട് അടുപ്പമുള്ളവർ പ്രേരിപ്പിക്കുന്നത് എന്നാണു റിപ്പോർട്ടിൽ പറയുന്നത്.
75 വയസ്സുള്ള പിണറായി വിജയന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ വിദഗ്ധ ചികിത്സ തേടിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.
മെയ് 2 ന് തെരഞ്ഞെടുപ്പ് ഫലം വന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ച പാർട്ടി അധികാരമേറ്റിരുന്നുവെന്നും, 140 അംഗ നിയമസഭയിൽ 99 സീറ്റുകൾ നേടി വിജയിച്ച കേരളത്തിൽ മാത്രമാണ് കോവിഡ് സാഹചര്യത്തിലും സർക്കാർ ഉണ്ടാക്കാതെ വൈകിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.











