ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസിലെ വിമത നേതാവും നർസപുരം എംപിയുമായ കനുമുരു രഘുരാമ കൃഷ്ണരാജുവിനെ രാജ്യദ്രോഹക്കുറ്റത്തിനു അറസ്റ് ചെയ്തു. 2012 ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ പ്രത്യേക കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ആന്ധ്രപ്രദേശ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്റ് ( സിഐഡി) ഇന്നലെ രാത്രിയോടെ കൃഷ്ണരാജുവിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
വൈഎസ്ആർ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി പാർട്ടിക്കു പുറത്തു പോയ കൃഷ്ണരാജു 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. 124 എ, 153 എ, 505 എന്നീ വകുപ്പുകളാണ് കൃഷ്ണരാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. സാമുദായിക ഐക്യം തകർക്കുക ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിലും എംപിക്കെതിരെ കേസെടുത്തിട്ടുണ്ട്. താൻ കൂടി ഭാഗമായ സർക്കാരിലെ പ്രമുഖരെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ കൃഷ്ണരാജു നിരന്തരം ശ്രമിച്ചിരുന്നതായും ആരോപണം ഉണ്ട്.










