കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു. മമതയുടെ ഇളയ സഹോദരൻ ആഷിമാണ് മരിച്ചത്. അഷീം ബാനർജി കൊവിഡ് ബാധയെ തുടർന്ന് കൊൽക്കത്തയിലെ മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി അധികൃതരാണ് മെഡിക്കൽ ബുള്ളറ്റിനിലൂടെ മരണ വാർത്ത സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3890 പേർ വൈറസ് ബാധിച്ച് മരിച്ചു.
രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,43,72,907 ആണ്. ആകെ മരണസംഖ്യ 2,66,207. 24 മണിക്കൂറിനിടെ 31,000 പേര്‍ കൊവിഡ് മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,779 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 373 പേര്‍ മരിച്ചു. 39,923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 714 പേരാണ് ഒരു ദിവസത്തിനുള്ളില്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ 311 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,694 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 93 പേര്‍ മരിച്ചു.








