ജെറുസലേം : സംഘർഷം രൂക്ഷമാകുന്നതിനിടയിലും ഇന്ത്യയ്ക്ക് സഹായമെത്തിക്കാൻ മറക്കാതെ ഇസ്രയേൽ. ഇസ്രയേലിൽ നിന്നയച്ച നാലാമത്തെ ലോഡ് ഓക്സിജൻ കോൺസൻട്രേറ്ററുകളും ഓക്സിജൻ ജനറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലെത്തിച്ചേർന്നു. കഴിഞ്ഞ മെയ് അഞ്ചിനാണ് ആദ്യ ലോഡ് സഹായം എത്തിയത്. പത്തുദിവസത്തിനുള്ളിൽ നാല് ലോഡ് ഓക്സിജൻ കോൺസൻട്രേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളുമാണ് ഇസ്രയേൽ ഇന്ത്യയിൽ എത്തിച്ചത്.
ഇസ്രയേലിൽ നിന്ന് ഇന്ത്യക്ക് സ്നേഹത്തോടെ എന്ന തലക്കെട്ടോടേയാണ് ഇന്ത്യയിലെ ഇസ്രയേൽ എംബസി സഹായമെത്തിയ വിവരം അറിയിച്ചത്. കൊറോണക്കാലത്തെ നമ്മൾ ഒരുമിച്ച് നേരിടുമെന്നും ഇന്ത്യയിലെ ഇസ്രയേൽ എംബസി ട്വീറ്റ് ചെയ്തു.
നിലവിൽ ഹമാസിന്റെ ഭീകരാക്രമണം നേരിടുകയാണ് ഇസ്രയേൽ . മൂവായിരത്തോളം റോക്കറ്റുകളാണ് ഹമാസ് ഭീകരർ ഇസ്രയേലിലേക്ക് തൊടുത്തത്. മലയാളിയായ സൗമ്യ സന്തോഷ് മരിച്ചത് ഈ റോക്കറ്റ് ആക്രമണത്തിലാണ്. അതേസമയം ഹമാസിന്റെ റോക്കറ്റാക്രമണങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയാണ് ഇസ്രയേൽ നൽകുന്നത്. ഇതുവരെ ഹമാസിന്റെ ഇരുപതിലധികം ഭീകര നേതാക്കൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും രാജ്യത്തെ രക്ഷിക്കാൻ ഏതറ്റം വരേയും പോകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ തകർത്തത് മുന്നറിയിപ്പ് നൽകിയിട്ടാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. സാധാരണക്കാർക്ക് ഒഴിഞ്ഞുപോകാൻ സമയം നൽകിയതിനു ശേഷമാണ് കെട്ടിടങ്ങൾ തകർത്തതന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.
Discussion about this post