അഹമ്മദാബാദ്: ഗുജറാത്ത് പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ ഗുജറാത്ത് പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച മുതല്‍ ഹര്‍ദ്ദികിനെ കാണാനില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിരോധന ഉത്തരവ് ലംഘിച്ചതിന്റെ പേരില്‍ ഹാര്‍ദിക്കിനും 20 പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പോലിസ് കസ്റ്റഡിയെ ഭയന്ന് ഹാര്‍ദിക് മുങ്ങിയെന്നായിരുന്നു പോലിസ് വിശദീകരണം. എന്നാല്‍ ഹാര്‍ദ്ദികിനെ ചിലര്‍ തട്ടികൊണ്ട് പോയെന്നായിരുന്നു ഒരു പക്ഷം വാദിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി ദുരൂഹസാഹചര്യത്തില്‍ കാണാതായ പട്ടേല്‍ സുരേന്ദ്രനഗറിലെ ധ്രാങ്ക്ധരയിലാണ് പ്രത്യക്ഷപ്പെട്ടത്. ഇനി ഹാര്‍ദ്ദിക് പറയുന്നത് കേള്‍ക്കുക-ആരവല്ലിയിലെ ബയാഡിലൂടെ കാറില്‍പോകുമ്പോള്‍ ആയുധങ്ങളുമായെത്തിയ അജ്ഞാതര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയെന്നാണ് ഹാര്‍ദിക് പറയുന്നത്. പ്രക്ഷോഭം നിര്‍ത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് രാത്രിമുഴുവന്‍ സംഘം ഭീഷണിപ്പെടുത്തി. പിന്നീട് ധ്രാങ്ക്ധരയില് ഇറക്കിവിട്ടുവെന്നിങ്ങനെയാണ് ഹാര്‍ദ്ദിക് പറയുന്നത്.
എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചൊവ്വാഴ്ച ബയാഡില് ഹാര്‍ദിക് പൊതുയോഗം നടത്തുകയുണ്ടായി. അതിനുശേഷം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കടന്നുകളഞ്ഞെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ചയ്ക്കകം ഹാര്‍ദിക്കിനെ കണ്ടെത്തണമെന്ന് ഗുജറാത്ത് ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ഹാര്‍ദിക്കിനെ പോലീസ് നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന അഭിഭാഷകന് ബി.എം. മന്ഗുകിയയുടെ പരാതിയെത്തുടര്‍ന്നായിരുന്നു ഇത്.
Discussion about this post