താനെ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 12,000 ജെലാറ്റിന്‍ സ്റ്റിക്കുകളും 3,008 ഡിറ്റൊണേറ്ററുകളുമാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. 60 പെട്ടികളിലായാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് കരിവാലി ഗ്രാമത്തില്‍ നടത്തിയ റെയ്ഡിലാണ് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഗുരുനാഥ് കാശിനാഥ് മത്രെ(53) എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു.
കല്‍വാറില്‍ താമസിക്കുന്ന കെട്ടിട നിര്‍മാണ സാമഗ്രി വിതരണക്കാരനും ക്വാറി കരാറുകാരനുമാണ് പ്രതിയെന്നും രണ്ട് മുറികളിലായാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നും പോലിസ് പറഞ്ഞു. കരിവാലി ഗ്രാമത്തിലെ മഹേഷ് കല്ല് ചൗളിനടുത്തെ മുറികളിലാണ് സൂക്ഷിച്ചിരുന്നത്. സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാനോ വില്‍പ്പന നടത്താനോ യാതൊരു വിധ അനുമതിയും ഇയാള്‍ക്കുണ്ടായിരുന്നില്ല.
പ്രതിയെ കോടതിയില്‍ ഹാജരാക്കി മെയ് 22 വരെ പോലിസ് കസ്റ്റഡിയില്‍ ചോദ്യംചെയ്യാനായി വിട്ടുനല്‍കി. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കള്‍ വാഡയില്‍ ഒരു സുരക്ഷിത കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ഗുരുനാഥ് കാശിനാഥ് മത്രെയ്‌ക്കെതിരേ ഐപിസി 286 ആര്‍/ഡബ്ല്യുകുപ്പ് പ്രകാരവും സ്‌ഫോടകവസ്തു നിയമം 1908ലെ അഞ്ചാം വകുപ്പ് പ്രകാരവും ഭോയ്‌വാദ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
മുംബൈ താനെയില്‍ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം കണ്ടെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ഏറ്റുമുട്ടല്‍ വിഗദ്ധനായിരുന്ന സചിന്‍ വാസേ ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലാണ്. ഇതിനു പിന്നാലെ കഴിഞ്ഞ മാസം മുംബൈ നാഗ്പാദ ഭീകരവിരുദ്ധ സേന 21 കോടിയിലേറെ വിലവരുന്ന ഏഴു കിലോ പ്രകൃതിദത്ത യുറേനിയവുമായി ജിഗാര്‍ പാണ്ഡ്യ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു കേസുകളും ഇപ്പോള്‍ എന്‍ ഐഎ ആണ് അന്വേഷിക്കുന്നത്.
Discussion about this post