ഡൽഹി: രാജ്യം കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും കരകയറുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ട് ആഴ്ചയായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കാര്യമായി കുറയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റെ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. കഴിഞ്ഞ പത്ത് ആഴ്ചകളായി ആശങ്കയായി നിന്ന രോഗ വ്യാപനം തുടര്‍ച്ചയായി കുറയുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. കര്‍ണാടക, കേരളം, ഗോവ സംസ്ഥാനങ്ങളില്‍ 25 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.
നിലവില്‍ രാജ്യത്ത് 194 ജില്ലകളില്‍ കേസുകള്‍ കൂടുന്നുണ്ട്. 121 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്.
എട്ട് സംസ്ഥാനങ്ങളില്‍ നിലവില്‍ ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ചികിത്സയിലുണ്ട്. ഒന്‍പത് സംസ്ഥാനങ്ങളില്‍ അര ലക്ഷത്തിനും ഒരു ലക്ഷത്തിനും ഇടയിലാണ് ആക്ടീവ് കേസുകള്‍. 19 സംസ്ഥാനങ്ങള്‍ അര ലക്ഷത്തിന് താഴെയാണ് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം.
Discussion about this post