തിരുവനന്തപുരം: ഇടത് മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ വേളയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി ആക്ഷേപം. സത്യപ്രതിജ്ഞ പന്തലിന് ചുറ്റും ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരുമുൾപ്പെടെ കൂട്ടം കൂടി നിന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നു.
കർശന നിയന്ത്രണങ്ങളോടെ സാമൂഹ്യ അകലം ഉറപ്പുവരുത്തിയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ക്ഷണിക്കപ്പെട്ടവർക്കായിട്ട കസേരകളിൽ സാമൂഹിക അകലം ഉറപ്പുവരുത്തിയിരുന്നു. എന്നാൽ മറ്റിടങ്ങളിൽ ഇതുണ്ടായില്ലെന്നാന് റിപ്പോർട്ട്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഹസ്തദാനം നൽകിയ മുഖ്യമന്ത്രിയുടെ നടപടിയും വിവാദമാകുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹസ്തദാനം ഉൾപ്പെടെയുളള കാര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴായിരുന്നു പൊതുവേദിയിൽ മുഖ്യമന്ത്രി ഇത് ലംഘിച്ചത്.
സത്യപ്രതിജ്ഞക്ക് മുന്നോടിയായി ആലപ്പുഴ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്രയിലെ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പചക്രം അർപ്പിച്ച ചടങ്ങുകളിലും ആൾക്കൂട്ടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിജയം ആഘോഷിക്കാൻ ഇടതുമുന്നണി എകെജി സെന്ററിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കേക്ക് മുറിച്ച് ആഘോഷിച്ചതും വിവാദമായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സത്യപ്രതിജ്ഞാചടങ്ങിന് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഇന്നലെ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. എല്ലാ എംഎല്‍എമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുണ്ടാകണമോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
മന്ത്രിമാരുടെ കുടുംബാംഗങ്ങളല്ലാതെ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചടങ്ങിനെത്തുന്നത് ഒഴിവാക്കണം, ചടങ്ങിന്റെ ഔദ്യോഗിക ചുമതലയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും കോടതി പറഞ്ഞിരുന്നു. പ്രത്യേക ക്ഷണിതാക്കളായ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും ദുരിതാശ്വാസ നിധിയിലേയ്ക്കും മറ്റും സംഭാവന നല്‍കിയവരെയും പങ്കെടുപ്പിക്കണോ എന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം എന്നും കോടതി നിർദ്ദേശിച്ചിരുന്നു.
Discussion about this post