ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമ ബംഗാളിൽ ക്രമസമാധാനം നഷ്ടപ്പെട്ടുവെന്നും അക്രമ സംഭവങ്ങൾ വർദ്ധിച്ചെന്നും റിപ്പോർട്ടുകൾ. വിഷയം ചൂണ്ടിക്കാട്ടി 2,093 വനിതാ അഭിഭാഷകർ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് രക്തച്ചൊരിച്ചിൽ അവസാനിച്ചിട്ടില്ല. അക്രമസംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തെത്തുടർന്ന് സംസ്ഥാനത്തെ ജനങ്ങളുടെ സ്ഥിതി ദയനീയമായിരിക്കുന്നു. ബംഗാളിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടെന്നും വനിതാ അഭിഭാഷകർ പറയുന്നു. അക്രമത്തിൽ ഏർപ്പെടുന്നവർ സ്ത്രീകളെയും കുട്ടികളെയും പോലും ഒഴിവാക്കുന്നില്ലെന്ന് വളരെ സങ്കടത്തോടെയാണ് കത്തിൽ വിശദമാക്കുന്നത്. സംസ്ഥാനത്ത് മനുഷ്യാവകാശ ലംഘനത്തിന്റെ നിലവിലെ അവസ്ഥയിൽ രാജ്യത്തെ സുപ്രീം കോടതിയുടെ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
അസം, ബീഹാർ, ഒഡീഷ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അഭയം തേടുന്നവരെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ തയ്യാറാക്കാൻ ഡിജിപിയ്ക്ക് നിർദേശം നൽകണമെന്നും അഭിഭാഷകർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പോലീസ് ഗുണ്ടകളോടൊപ്പമാണെന്നും ഇരകൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നും അഭിഭാഷകർ പരാതിപ്പെടുന്നു.
സംസ്ഥാനത്തെ ഭരണഘടനാ സംവിധാനങ്ങൾ പൂർണമായും തകർന്നതായി ഹരജിയിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങൾ പോലും നിശബ്ദത പാലിക്കുകയും പശ്ചിമ ബംഗാളിലെ അവസ്ഥയുടെ യഥാർത്ഥവും നിലവിലുള്ളതുമായ ചിത്രം പുറം കോലം അറിയുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, പശ്ചിമ ബംഗാൾ പോലീസിന് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ ഇരകളുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് നോഡൽ ഓഫീസർ ആക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് എല്ലാ തലങ്ങളിലും ഫലപ്രദമായ പരാതി സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്. ലഭിച്ച പരാതികളെ സംബന്ധിച്ച്, പ്രതിദിന റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാൻ നിർദേശിക്കണം.
അക്രമസംഭവങ്ങൾ സംബന്ധിച്ച് വിരമിച്ച 146 ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്തെഴുതി
പശ്ചിമ ബംഗാളിൽ അടുത്തിടെയുണ്ടായ രാഷ്ട്രീയ അതിക്രമങ്ങളെക്കുറിച്ച് വിരമിച്ച ജഡ്ജിമാർ, സിവിൽ, പോലീസ് സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥർ, അംബാസഡർമാർ, സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ ഫോറം പ്രസിഡന്റ് രാം നാഥ് കോവിന്ദിന് പരാതി നൽകി.
മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമാണ് ബംഗാളിൽ അക്രമസംഭവങ്ങൾ വർദ്ധിച്ചത്. ഇത് സംബന്ധിച്ചാണ് രാഷ്ട്രപതിക്ക് മെമ്മോറാണ്ടം നൽകിയത്. 17 ജഡ്ജിമാർ, 63 ബ്യൂറോക്രാറ്റുകൾ, 10 അംബാസഡർമാർ, 56 സായുധ സേനാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ വിരമിച്ച 146 പേർ മെമ്മോറാണ്ടത്തിൽ ഒപ്പിട്ടു. രാഷ്ട്രീയ അക്രമത്തിന്റെ ഫലമായുണ്ടാകുന്ന സിവിലിയൻ മരണങ്ങൾ ഭരണകൂടത്തിന്റെ ക്രമസമാധാനപാലനത്തിന്റെ ഗുരുതരമായ വീഴ്ചയുടെ ഫലമായി മനസ്സിലാക്കണമെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ പറഞ്ഞു. രാഷ്ട്രീയ അക്രമം ജനാധിപത്യ മൂല്യങ്ങളുടെ ശാപമാണെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.
Discussion about this post