ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊണ്ടു വന്ന പരിഷ്കാരങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിൽ മാധ്യമ പ്രവർത്തകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. മഹാരാജാസ് കോളേജിൽ ജോലി ചെയ്യുന്ന സമയത്തുള്ള അനുഭവങ്ങളാണ് എം വി ബെന്നി ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നത്.
സ്വാതന്ത്ര്യം കിട്ടിയകാലത്ത് രാജാജി പറഞ്ഞ ഒരു അഭിപ്രായം എവിടെയോ വായിച്ചിട്ടുണ്ട്. ലക്ഷദ്വീപ് കാരെ മുഴുവൻ വൻകരയിലേക്ക് കൊണ്ടുവന്ന് ദ്വീപുകൾ ബോംബ് ചെയ്ത് നശിപ്പിക്കണം എന്ന്! സുരക്ഷാ കാരണങ്ങൾ കൊണ്ട് അത്രയും തന്ത്ര പ്രാധാന്യമുള്ള സ്ഥലമാണ് ലക്ഷദ്വീപെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ആളുകൾ പൊതുവിൽ ശുദ്ധന്മാർ ആണെങ്കിലും നമ്മുടെ ശത്രു രാഷ്ട്രങ്ങൾ നോട്ടമിടുന്ന സ്ഥലമാണ് ലക്ഷദ്വീപെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ആദ്യമായി കുത്തുകൊണ്ട് മരിച്ചത് മുത്തുക്കോയ ആയിരുന്നു. അദ്ദേഹം ഒരു ലക്ഷദ്വീപ് കാരൻ ആയിരുന്നു. ആൾ മഹാരാജാസിലെ വിദ്യാർത്ഥി ആയിരുന്നില്ല. എങ്കിലും ലക്ഷദ്വീപിലെ ഒരു ബന്ധുവായ വിദ്യാർത്ഥിയെ കാണാൻവന്ന ലക്ഷദ്വീപ് കാരൻ ആയിരുന്നു.
കുത്തിയ ഗുണ്ടാസംഘത്തിലെ പാപ്പച്ചൻ ആയിരുന്നു ശരിക്കും കുത്തിയത്. ഒറ്റക്കുത്തിന് ആൾ മരിച്ചു. ആ ഗുണ്ട, അറിയപ്പെട്ടിരുന്നത് ജൂഡോ പാപ്പച്ചൻ എന്ന പേരിലായിരുന്നു. ഞങ്ങളുടെ നാട്ടുകാരൻ. അവസാനകാലം ഗതികേട് ആയിരുന്നു. അദ്ദേഹവുമായി ഞാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ആൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
പിന്നീട് പഠിക്കാൻ മഹാരാജാസ് കോളേജിൽ ചേർന്നപ്പോഴാണ് ലക്ഷദ്വീപ് കാരെ പരിചയപ്പെടുന്നത്. എല്ലാം പരമ ശുദ്ധന്മാർ.
ബി എ ക്ലാസ്സിൽ ഞങ്ങളുടെ സഹപാഠി ആയിരുന്ന ഷീബ പിന്നീട് ലക്ഷദ്വീപിൽ അദ്ധ്യാപിക ആയി. അവിടത്തെ വിവരങ്ങൾ അങ്ങനേയും അറിയാം.
മഹാരാജാസ് കോളേജിൽ കുറച്ച് സീറ്റുകളിൽ ലക്ഷദ്വീപ് കാർക്ക് സ്പെഷ്യൽ ക്വോട്ട ഉണ്ട്. അതുകൊണ്ട്, എല്ലാ കാലത്തും അവിടെ കുറച്ച് ലക്ഷദ്വീപ് വിദ്യാർത്ഥികൾ ഉണ്ടാകും. എല്ലാം ശുദ്ധന്മാർ.
ലക്ഷദ്വീപ് കാരനായ കസ്റ്റംസ് കളക്റ്റർ സെയ്തു മുഹമ്മദിനേയും എനിക്ക് പരിചയമുണ്ടായിരുന്നു. എറണാകുളത്ത് അദ്ദേഹത്തിന്റെ വീട്ടിലും പോയിട്ടുണ്ട്. ലക്ഷദ്വീപിൽ നിന്നുള്ള പരേതനായ കേന്ദ്ര മന്ത്രി പി എം സെയ്ദിനെ എറണാകുളത്തെ ചില കല്യാണങ്ങളിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്.
പൊതുവിൽ അവരൊന്നും മോശം മനുഷ്യരല്ല.
കുറച്ച് കാലം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ഞാൻ ക്ലാർക്ക് ആയി ജോലി ചെയ്തിട്ടുണ്ട്. അവിടേയും ലക്ഷദ്വീപ് കാരെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്.
എങ്കിലും പണ്ട് നമുക്ക് സ്വാതന്ത്ര്യം കിട്ടിയകാലത്ത് രാജാജി പറഞ്ഞ ഒരു അഭിപ്രായം എവിടെയോ വായിച്ചിട്ടുണ്ട്. ലക്ഷദ്വീപ് കാരെ മുഴുവൻ വൻകരയിലേക്ക് കൊണ്ടുവന്ന് ദ്വീപുകൾ ബോംബ് ചെയ്ത് നശിപ്പിക്കണം എന്ന്! സുരക്ഷാ കാരണങ്ങൾ കൊണ്ട് അത്രയും തന്ത്ര പ്രാധാന്യമുള്ള സ്ഥലമാണ്.
വളരെ പണ്ട് എന്റെ ഒരു സുഹൃത്ത് ലക്ഷദ്വീപിൽ ഇൻഡ്യൻ രഹസ്യാന്വേഷണ വകുപ്പിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം പിന്നീട് മഹാരാജാസ് കോളേജിൽ ക്ലാർക്കായും പ്രവർത്തിച്ചിരുന്നു. ആളുകൾ പൊതുവിൽ ശുദ്ധന്മാർ ആണെങ്കിലും നമ്മുടെ ശത്രു രാഷ്ട്രങ്ങൾ നോട്ടമിടുന്ന സ്ഥലമാണെന്നാണ് ആ സുഹൃത്ത് പറഞ്ഞിട്ടുള്ളത്.
പഴയകാലത്തെ ഒരു കസ്റ്റംസ് ഓഫീസർ ആയിരുന്നു, അച്യുതമേനോൻ. ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹം എഴുതിയ ഒരു സർവ്വീസ് സ്റ്റോറിയിൽ ലക്ഷദ്വീപിലെ ആൾ വാസമില്ലാത്ത ഒരു ദ്വീപിൽ നടത്തിയ സ്വർണ്ണവേട്ടയുടെ കഥ എഴുതിയിട്ടുണ്ട്. ഞാൻ മലയാളം വാരികയിൽ ജോലി ചെയ്യുമ്പോൾ അതിലെ ഭാഷയൊന്ന് മെച്ചപ്പെടുത്തിയ ശേഷം പുസ്തകം ആക്കണം എന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു. അതനുസരിച്ച് അതു പുസ്തകം ആക്കുകയും ചെയ്തിട്ടുണ്ട്.
ലക്ഷദ്വീപിനെ കുറിച്ച് അറിവില്ലാത്തതുകൊണ്ടല്ല, ഒന്നും എഴുതാത്തത്. അറിവുള്ളതുകൊണ്ടാണ്.
പത്തുവർഷത്തിന് ഇപ്പുറമുള്ള കാര്യങ്ങളൊന്നും എനിക്ക് അറിയില്ല. ഞാൻ വേറെ സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫർ ആകുകയും പിന്നീട് വിരമിക്കുകയും ചെയ്തു.
https://www.facebook.com/manjilasvarghese.benny/posts/4076177302450785
Discussion about this post