ടോക്യോ: ഈ വർഷം ടോക്യോ ഒളിംപിക്‌സ് നടത്തിയാൽ പുതിയ കൊവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ഒളിംപിക്‌സിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്‌ടർമാരുടെ സംഘടന രംഗത്ത് വന്നു.
കൊവിഡ് വ്യാപനത്തെ തുടർന്നാണ് 2020ൽ ഒളിംപിക്‌സ് മാറ്റിവച്ചതെന്നും, ഈ വർഷം ഒളിംപിക്‌സ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജപ്പാനും അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയും വ്യക്തമാക്കിക്കഴിഞ്ഞു. കൊവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നാണ് ജപ്പാനിലെ ഡോക്‌ടർമാരുടെ ആവശ്യം.
”അടുത്ത മാസം ഒളിംപിക്‌സ് നടത്തിയാൽ കൊവിഡിന്റെ വകഭേദത്തിന് കാരണമാകും. കൊറോണ വൈറസിന്റെ ഒളിംപിക്‌സ് വകഭേദം എന്ന നിലയിലാവും ഇത് അറിയപ്പെടുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറ്റം വന്ന പലതരം കൊറോണ വൈറസ് ടോക്യോയിൽ കൂടിച്ചേരും. ഇതിൽ നിന്ന് പുതിയ കൊവിഡ് വകഭേദം ഉണ്ടാവും. ഇത് വലിയ ദുരന്തമായി മാറാൻ സാധ്യതയുണ്ട്. 100 വർഷം കഴിഞ്ഞാലും ജപ്പാന് ഈ നാണക്കേടിൽ കരകയറാൻ കഴിയില്ല”, ഡോക്‌ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഇരുന്നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും ഒഫീഷ്യൽസുമാണ് ടോക്യോയിൽ എത്തുക. ഇവരിൽ മിക്കവരുടേയും വാക്‌സിനേഷൻ പൂർത്തിയായിട്ടില്ല എന്നതും ആശങ്കയാണ്. ഇതേസമയം, ടോക്യോ ഒളിംപിക്‌സിന് വിദേശ കാണികൾക്ക് പ്രവേശനമില്ല. പ്രാദേശിക കാണികൾക്ക് പ്രവേശനം നൽകണോ എന്നത് അടുത്ത മാസമാണ് തീരുമാനിക്കുക. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്.
ടോക്യോ ഒളിംപിക്‌സ് റദ്ദാക്കണമെന്ന ആവശ്യം ശക്തമാണ്. മത്സരങ്ങള്‍ റദ്ദാക്കിയാൽ 1700 കോടി ഡോളറിന്‍റെ നഷ്ടം ജപ്പാനുണ്ടാവുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാൽ ഒളിംപിക്‌സ് നടത്തിയാലുണ്ടാകുന്ന ആരോഗ്യപ്രതിസന്ധി ഇതിനേക്കാൾ വലിയ സാമ്പത്തിക നഷ്‌ടം രാജ്യത്തിന് വരുത്തിവെക്കുമെന്നും ജപ്പാനിലെ പ്രമുഖ സാമ്പത്തിക ഗവേഷണ കമ്പനിയായ നൊമൂറ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post