അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെ ഉണ്ടായ ബോംബാക്രമണത്തെ തുടര്‍ന്ന് 11 പേര്‍ കൊല്ലപ്പെട്ട. കൊല്ലപ്പെട്ട 11 പേരും പൊതുജനങ്ങളാണ്. 4 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ഞായറാഴ്ച്ച ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച്ച വൈകിട്ടോടെ ബദ്‌ഗീസിന്റെ പശ്ചിമ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്.
രാജ്യത്ത് നിന്ന് അമേരിക്കയുടെ അവസാന മിലിറ്ററി ട്രൂപ്പും പിന്‍വാങ്ങുന്ന ഘട്ടത്തില്‍ പുതിയ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്ത് വന്‍ ആശങ്കയാണ് ഉയര്‍ത്തി കൊണ്ടിരിക്കുന്നത്. ബോംബാക്രമണത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ആരും ഇനിയും രംഗത്തെത്തിയിട്ടില്ല.
എന്നാല്‍ ബദ്‌ഗീസ് ഗവര്‍ണറായ ഹെസ്സമുദ്ദിന്‍ ഷംസ് താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പശ്ചിമ പ്രവിശ്യയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബാക്രമണത്തെ തുടര്‍ന്ന് ബസ് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ആഴ്ച നിരവധി തവണ പൊതു ജനങ്ങള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് പിറകെയാണ് ശനിയാഴ്ച വീണ്ടും ആക്രമണം ഉണ്ടായത്. അതില്‍ തന്നെ കാബൂളിലെ ബസുകള്‍ക്ക് നേരെ ഉണ്ടായ രണ്ട് ആക്രമണങ്ങള്‍ ജിഹാദി ഇസ്ലാമിക സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഏപ്രിലോടെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും മുഴുവന്‍ സേനയെയും പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. അമേരിക്കയില്‍ 2001-ല്‍ അല്‍ഖ്വയദ നടത്തിയ 9/11 ആക്രണത്തിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സേനയെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
എന്നാല്‍ അമേരിക്കന്‍ സേനയുടെ പിന്മാറ്റം അഫ്ഗാനിസ്ഥാനെ വീണ്ടും ഭീതിയിലേക്ക് നയിച്ചിരിക്കുകയാണ്. അമേരിക്കന്‍ സേന അഫ്‌ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായി പിന്മാറിയാല്‍ അഫ്ഗാനിസ്ഥാന്‍ ജിഹാദി ഗ്രൂപ്പുകളുടെ പിടിയിലാകുമെന്നാണ് വിദഗ്ദ്ധരും വിലയിരുത്തുന്നത്.
Discussion about this post