ചെന്നൈ:കടം തീർക്കാൻ ഭാര്യയെ അന്യപുരുഷന്മാർക്ക് കാഴ്ചവെച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. പണം തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ യുവാവ് ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
2018ലായിരുന്നു 21കാരിയായ യുവതിയെ പ്രതി വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് വയസ്സുള്ള ഒരു ആൺ കുഞ്ഞുമുണ്ട്. സ്ഥിരം മദ്യപാനിയായ യുവാവ് കഴിഞ്ഞ ഒരു വർഷമായി കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ജോലിക്കൊന്നും പോകാറില്ലായിരുന്നു.
ഇതോടെ പലപ്പോഴായി യുവാവ് അയൽവാസികളായ സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങി. ഇത് തിരിച്ച് നൽകാൻ കഴിയാതെ വന്നതോടെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കളെ ക്ഷണിക്കുകയായിരുന്നു.
വിറ്റാമിൻ ഗുളികകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി ഭാര്യക്ക് ഉറക്ക ഗുളികകൾ നൽകി. തുടർന്ന് ഉറങ്ങി പോയ യുവതിയെ ഇയാളുടെ സുഹൃത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരിച്ചു കിട്ടിയ യുവതി ബഹളം വെച്ചതോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്.
ഇതിന് മുൻപും സമാനമായ രീതിയിൽ പാനീയത്തിൽ ഉറക്ക മരുന്ന് കലക്കി നൽകി ഭർത്താവ് തന്നെ മറ്റൊരു സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. ഇതോടെ മൂന്ന് പേരെയും പൊലീസ് പിടികൂടുകയായിരുന്നു.
സംഭവത്തിന് ശേഷം കുട്ടിയുമായി യുവതി സ്വന്തം വീട്ടിലേക്ക് പോയി. പലപ്പോഴും ഭർത്താവ് തന്നെ സുഹൃത്തുക്കൾക്ക് വഴങ്ങാൻ നിർബ്ബന്ധിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ താൻ സമ്മതിച്ചിരുന്നില്ലെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Discussion about this post