മലപ്പുറം: മലപ്പുറത്തെ ആദിവാസി കുട്ടികൾ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാതെ വിഷമത്തിൽ. മലപ്പുറം ഏറനാട് ചാലിയാര്‍ പഞ്ചായത്തിലെ കല്ലുണ്ട ആദിവാസി കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് പഠന സൗകര്യങ്ങളില്ലാതെ വിഷമിക്കുന്നത്. മൊബൈല്‍ റേഞ്ച് കുറഞ്ഞ ഇവിടെ വൈദ്യുതി കണക്ഷനും എത്തിയിട്ടില്ല.
നല്ല കെട്ടിടവും ടിവിയുമുണ്ടെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ കാണാൻ കഴിയുന്നില്ല. സന്നദ്ധ സംഘടനകൾ വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ ഉണ്ടെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ ഇവ ചാർജ്ജ് ചെയ്യാൻ സാധിക്കുന്നില്ല. മൊബൈലിന് റേഞ്ചും ലഭ്യമല്ല.
സ്കൂള്‍ തുറന്നതും ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതും ഒക്കെ ഇവിടുത്തെ കുട്ടികൾക്ക് കേട്ടറിവ് മാത്രമാണ്. എല്‍പി, യുപി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലായി 33 കുട്ടികള്‍ ആണ് കല്ലുണ്ട കോളനിയില്‍ ഉള്ളത്. സ്കൂളിന്റെ സമീപത്തെ വൈദ്യുതീകരിച്ച വീട്ടിൽ നിന്നും നേരത്തെ കറന്റ് എടുത്ത് ഉപയോഗിച്ചിരുന്നു. എന്നാൽ ഇതും കെ എസ് ഇ ബി വിലക്കിയതോടെ ഈ കുട്ടികളുടെ പഠനം അക്ഷരാർത്ഥതിൽ വഴിമുട്ടുകയായിരുന്നു.












