മാൾഡ: ബംഗ്ലാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് വ്യാപകമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പരിശോധന ശക്തമാക്കി അതിർത്തി രക്ഷാ സേന. ഇതിനെ തുടർന്ന് മാൾഡയിൽ നിന്നും ഒരു ചൈനീസ് പൗരൻ പിടിയിലായി.
പിടിയിലായ ചൈനീസ് പൗരനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ലെന്ന് ബി എസ് എഫ് അറിയിച്ചു.
കൂടാതെ വ്യാജരേഖ ചമച്ച് അതിർത്തി വഴി ഇന്ത്യയിലേക്ക് മനുഷ്യക്കടത്ത് നടത്തി വന്നിരുന്ന ബംഗ്ലാദേശ് സ്വദേശി ഹസൻ ഗാസിയെയെയും ബി എസ് എഫ് പിടികൂടി. ഇരുപത് വർഷമായി ഇയാൾ ഇന്ത്യയിൽ താമസിച്ച് വരികയായിരുന്നു.
ഹസൻ ഗാസിക്ക് വോട്ട് ഇന്ത്യയിലാണ്. ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് കൊൽക്കത്തയിലെ ഗോജാദംഗയിൽ പരിശോധന നടത്തിയ ബി എസ് എഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 2 മൊബൈൽ ഫോണുകളും ഇന്ത്യൻ സിം കാർഡുകളും ബംഗ്ലാദേശി സിം കാർഡുകളും വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തു.







