ഡൽഹി: ട്വിറ്റർ ഉപേക്ഷിച്ച് ഇന്ത്യൻ മൈക്രോ ബ്ലോഗിംഗ് ആപ്പായ കൂവിൽ ഔദ്യോഗിക അക്കൗണ്ട് എടുത്ത് നൈജീരിയ. ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 12ന് ഡോക്യുമെന്ററി ഷെയർ ചെയ്യുന്നതോടെ നൈജീരിയയുടെ ഔദ്യോഗിക കൂ അക്കൗണ്ട് പ്രവർത്തനക്ഷമമാകുമെന്ന് കൂ സഹസ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ ദേശീയ മാധ്യമത്തോട് പറഞ്ഞു.
നൈജീരിയയിലെ പ്രാദേശിക ഭാഷകളിൽ കൂടി ആപ്പ് ഉടൻ പ്രവർത്തനക്ഷമമാകും. പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് ട്വിറ്റർ ഉപേക്ഷിക്കാൻ നൈജീരിയ തീരുമാനിച്ചത്. നൈജീരിയക്ക് പിന്നാലെ റുവാണ്ട, ഫിലിപ്പീൻസ്, നൈജർ, പെറു, പാരഗ്വായ് എന്നിവിടങ്ങളിലും കൂ ലഭ്യമാകുന്നുണ്ട്.
അതേസമയം ട്വിറ്റർ ഉപേക്ഷിക്കാനുള്ള നൈജീരിയൻ സർക്കാരിന്റെ തീരുമാനത്തിൽ വിഷമമുണ്ടെന്നാണ് ട്വിറ്റർ അധികൃതരുടെ പ്രതികരണം. ഇന്ത്യയിലെ ഐടി നയങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും ആദ്യം നിഷേധാത്മക നിലപാടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിരുന്നു.
Discussion about this post