ഡല്‍ഹി: പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ലെന്നും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എല്‍.എയുമായ സുവേന്ദു അധികാരി. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്ന് സുവേന്ദു അധികാരി പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉണ്ടായ അക്രമസംഭവങ്ങളെ കുറിച്ചും, ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സുവേന്ദു അധികാരി പ്രധാനമന്ത്രിയോട് ചര്‍ച്ച നടത്തി.
നിലവില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് സി.എ.എ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമ ബംഗാള്‍ സ്വതന്ത്ര രാജ്യമല്ല, ഇന്ത്യക്ക് അകത്തുള്ള ഒരു സംസ്ഥാനമാണെന്നും, തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റ് നേടി അധികാരത്തിലെത്തിയ ശേഷം പശ്ചിമ ബംഗാള്‍ പ്രത്യേക രാജ്യം ആണെന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post