കൊൽക്കത്ത : തൃണമൂൽ ആക്രമണത്തിന്റെ കൊടും ക്രൂരതകൾ വെളിവാക്കി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ബിജെപി പ്രവർത്തകർക്ക് നേരെ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിക്രൂരമായ ആക്രമണങ്ങളാണ് നടന്നത്.നിരവധി വീടുകൾ തകർക്കപ്പെടുകയും അനേകം സ്ത്രീകൾ ബലാത്സംഗത്തിനിരയാവുകയും ചെയ്തതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
പ്രയഭേദമന്യേ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടതിന് തെളിവാണ് അറുപതുകാരിയായ പൂർബ മേദിനിപൂർ സ്വദേശിനി. ആറുവയസ്സുകാരനായ കൊച്ചുമകന്റെ മുന്നിൽ വച്ച് തന്നെ കൂട്ട ബലാത്സംഗം ചെയ്ത തൃണമൂൽ അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. മെയ് നാലാം തീയതി രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ തൃണമൂൽ അക്രമികൾ തന്നെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തെന്നും, മരുമകൻ പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ പോലീസുകാർ പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും അവർ പറയുന്നു. എതിർ പാർട്ടിക്കാരെ ഇല്ലാതാക്കാനുള്ള ഒരു ഉപായമായി കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യാൻ ഉപയോഗിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ റിപ്പോർട്ടിൽ ബലാത്സംഗം സംഭവിച്ചതായി വ്യക്തമായപ്പോൾ ഒരാളെ പ്രതിചേർക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും ഇരയായ അറുപതുകാരി പരാതിയിൽ വ്യക്തമാക്കുന്നു.
കോടതിയെ സമീപിച്ച പതിനേഴുകാരിയായ ദലിത് പെൺകുട്ടി മെയ് ഒൻപതിനായിരുന്നു കൂട്ട ബലാത്സംഗത്തിനിരയായത്. ക്രൂരമായ ആക്രമണത്തിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ വനത്തിൽ ഉപേക്ഷിച്ചു. ബോധം തെളിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടിയെ പോലീസിൽ പരാതി കൊടുത്താൽ കൊന്നുകളയുമെന്നായിരുന്നു തൃണമൂലിന്റെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് ഇരയ്ക്ക് നീതി കിട്ടാൻ വേണ്ടിയുള്ള ഒരു നടപടിയുമുണ്ടായില്ല എന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
ഭർത്താവിനെ വെട്ടിക്കൊന്നതിനു ശേഷമാണ് പൂർണിമ മണ്ഡൽ എന്ന വീട്ടമ്മയെ അക്രമികൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കൂട്ട ബലാത്സംഗത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു പൂർണിമ. ഭർത്താവിന്റെ സംസ്കാരത്തിനു ശേഷം പോലീസിനെ സമീപിച്ചെങ്കിലും അവർ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും, മൊഴി രേഖപ്പെടുത്തിയില്ലെന്ന് മാത്രമല്ല അപമാനിച്ച് പറഞ്ഞയയ്ക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
Discussion about this post