മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തതിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പ്രതിചേര്‍ത്തിരിക്കുന്നത്.
മൂവാറ്റുപുഴ പോത്താനിക്കോട് പൊലീസ് സ്റ്റേഷന് പരിധില്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഷാന്‍ മുഹമ്മദിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ വളണ്ടിയറുമായ റിയാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പീഡനത്തിന് ശേഷം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ റിയാസിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ഷാന്‍ മുഹമ്മദ് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റികൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി റിയാസിനെ കോടതി റിമാന്റ് ചെയ്തു.
റിയാസ് അറസ്റ്റിലായതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയായ ഷാന്‍ മുഹമ്മദ് ഒളിവില്‍ പോയിരിക്കുന്നത്. ഷാന്‍ മുഹമ്മദ് സംസ്ഥാനം വിട്ടതായതാണ് സൂചന. അന്വേഷണസംഘം കര്‍ണാടകം, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഷാന്‍ മുഹമ്മദിനായി അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. ഒളിവില്‍ താമസിക്കാന്‍ സൗകര്യം നല്കിയവരെക്കുറിച്ചും സൂചന ലഭിച്ചതായി അന്വേഷണസംഘം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post