ഡൽഹി: പ്രധാനമന്ത്രി അടുത്തയാഴ്ച ജമ്മു കശ്മീരിൽ സര്‍വകക്ഷിയോഗം വിളിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുനീക്കിയ ശേഷം ആദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ നേതാക്കളെ ഉള്‍പ്പെടുത്തി യോഗം വിളിക്കുന്നത്. യോഗത്തിൻ്റെ തീയതിയും സമയവും അടക്കമുള്ള കാര്യങ്ങളിൽ ഏകദേശ ധാരണയായിട്ടുണ്ട്.
യോഗത്തിൽ പങ്കെടുക്കുമെന്ന് പാര്‍ട്ടികള്‍ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും നേതാക്കള്‍ ഡൽഹിയിലെത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടാകൂവെന്നും റിപ്പോർട്ടുണ്ട്.
2019 ഓഗസ്റ്റിലായിരുന്ന പാര്‍ലമെൻ്റ് ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു നീക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. കശ്മീരിൽ വീണ്ടും തെരഞ്ഞെടുപ്പ് അടക്കമുള്ള രാഷ്ട്രീയ നടപടികള്‍ തുടങ്ങുന്നതിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു നീക്കി കേന്ദ്രസര്‍ക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയ നടപടിയ്ക്കെതിരെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരക്കെ എതിര്‍പ്പുള്ള സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാരിനോടു നേതാക്കള്‍ സഹകരിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നുവരെ കേന്ദ്രവുമായി സഹകരിക്കില്ലെന്ന് പ്രധാന പാര്‍ട്ടികളിൽ ഒന്നായ നാഷണൽ കോൺഫറൻസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ജമ്മു കശ്മീരിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിശ്ചയിക്കാനുള്ള സമിതിയുമായി പാര്‍ട്ടികള സഹകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടുത്തയാഴ്ച നടക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കുമെന്നു റിപ്പോർട്ടുണ്ട്. ഇതിനു മുന്നോടിയായി നടന്ന യോഗത്തിൽ ജമ്മു കശ്മീര്‍ ലഫ്റ്റനൻ്റ് ഗവര്‍ണര്‍ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അമിത് ഷായുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തു.
Discussion about this post