ജലന്ധര്‍: രാജ്യത്ത് രാജസ്ഥാന് പിന്നാലെ പഞ്ചാബിലാണ് കോവിഡ് മുക്തനായ ആള്‍ക്ക് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കേസാണിത്. ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീന്‍ ഫംഗസ് കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ കരുതല്‍ മാർഗ്ഗങ്ങൾ സ്വീകരിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
65 കാരന് കോവിഡ് മുക്തനായതിന് ശേഷം ഗ്രീന്‍ ഫംഗസ് രോഗം സ്ഥിരീകരിച്ചത് ജലന്ധര്‍ സിവില്‍ ആശുപത്രിയിലെ എപിഡമോളജിസ്റ്റായ ഡോ.പരംവീര്‍ സിങ് ആണ് . ഇയാള്‍ നിലവില്‍ ആശുപത്രി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇന്തോറിലെ ആശുപത്രിയില്‍നിന്ന് മുംബൈയിലേയ്ക്ക് മാറ്റിയിരുന്നു.കഴിഞ്ഞ രണ്ടുമാസമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാള്‍ക്ക് പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്.
ബ്ലാക്ക് ഫംഗസിനു സമാനമായി കോവിഡ് മുക്തരിലോ ബാധിതരിലോ ആണ് ഗ്രീന്‍ ഫംഗസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. കടുത്ത പനി, മൂക്കില്‍ നിന്ന് രക്തം വരുക എന്നിവയാണ് രാജ്യത്ത് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ച രോഗിയില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍.
Discussion about this post