നിലമ്പൂര്‍: വ്യാജ ഫേസ്ബുക്ക് മേല്‍വിലാസം വഴി സാമ്പത്തികസഹായം ആവശ്യപ്പെട്ട് പണം തട്ടുന്ന സംഘം സജീവമെന്ന് മുന്നറിയിപ്പ്. മാധ്യമപ്രവര്‍ത്തകരുടെയും കോളജ് പ്രിന്‍സിപ്പല്‍മാരുടെയും ഡോക്ടര്‍മാരുടെയും പേരില്‍ സാമ്പത്തികസഹായം ആവശ്യപെട്ടാണ് കൂടുതല്‍ തട്ടിപ്പ് നടത്തുന്നതെന്നാണ് കേസുകള്‍ വ്യക്തമാക്കുന്നത്.
ആശുപത്രി, കോളജ്, യൂനിവേഴ്സിറ്റി വെബ്സൈറ്റുകളില്‍ കയറി മെയില്‍ ഐ.ഡിയും മറ്റും ശേഖരിച്ചാണ് ഫേസ്ബുക്കിലൂടെയും ഇ മെയിലുകളിലൂടെയുമാണ് സാമ്പത്തിക സഹായം തേടുന്നത്.
കഴിഞ്ഞദിവസം നിലമ്പൂരിലെ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യക്ക് വാഹനാപകടത്തില്‍ പരിക്കേറ്റെന്നും 25,000 രൂപ ഉടന്‍ അക്കൗണ്ടില്‍ ഇടണമെന്നും ആവശ്യപ്പെട്ട് മുഖം വ്യക്തമല്ലാത്ത രീതിയില്‍ സ്ത്രീ പരിക്കേറ്റ് കിടക്കുന്ന ചിത്രം സഹിതം സുഹൃത്തിന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി സന്ദേശം എത്തി. പുണെ ബാങ്ക് അക്കൗണ്ട് ആയതിനാല്‍ സംശയം തോന്നിയ സുഹൃത്ത് മാധ്യമ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചതിനാല്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടു.ഇതിനു ശേഷവും ഇതേ സന്ദേശം പലതവണ വിവിധ ഭാഷകളില്‍ ആവര്‍ത്തിച്ചു. തൃശൂര്‍ മിഷന് ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഇ മെയില്‍ വഴി 20,000 രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടു.
ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍നിന്ന് പര്‍ച്ചേഴ്സ് നടത്തിയാണ് സംഘത്തിന്റെ തട്ടിപ്പ്. വിവിധ ജില്ലകളിലെ പ്രിന്‍സിപ്പല്‍മാര്‍ മൊബൈല്‍ ഫോണ്‍ സ്ക്രീന്‍ഷോട്ട് സഹിതം പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്.












