കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനാ നിരക്ക് കുറച്ചത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും, മറ്റ് പല സംസ്ഥാനങ്ങളിലും പരിശോധന നിരക്ക് കുറവാണെന്നും കോടതി നിരീക്ഷിച്ചു. പരിശോധന നിരക്ക് കുറച്ചത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ വീണ്ടും സമീപിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഏപ്രില്‍ മുപ്പതിനാണ് സര്‍ക്കാര്‍ നിരക്ക് കുറച്ച് ഉത്തരവിറക്കിയത്. എന്നാല്‍ ആര്‍ടിപിസിആര്‍ നിരക്ക് അടക്കം ഡ്രഗ്സ് കണ്ട്രോള് ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാന്‍ അധികാരമെന്നും ലാബുടമകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.
പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ് എന്ന ലാബ് ഉടമകളുടെ വാദത്തോട് സംസ്ഥാനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ പരിശോധന നടത്തുന്നുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സ്വകാര്യ ലാബുകള്‍ കോവിഡ് പരിശോധനയ്ക്ക് പല ഫീസ് ഈടാക്കിയതോടെയാണ് സര്‍ക്കാര്‍ നിരക്ക് 500 രൂപയാക്കി നിശ്ചയിച്ചത്.
Discussion about this post