മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണൽ അനുമതി നൽകി. യുകെയിൽനിന്നുള്ള കാൾറോക് ക്യാപിറ്റലും യുഎഇയിലെ സംരംഭകരായ മുരാരി ലാൽ ജലാനും മുന്നോട്ടുവെച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
2020 ഒക്ടോബറിലാണ് ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാൻ കാൾറോക്ക് ക്യാപിറ്റലും മുറാരി ലാൽ ജലാനും ചേർന്നുള്ള കൂട്ടുകെട്ടിന് എസ്ബിഐയുടെ നേടതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ അനുമതി ലഭിച്ചത്. ഇരു ഗ്രൂപ്പുകൾക്കും എയർലൈൻ ബിസിനസിൽ പരിചയമില്ലാത്തവരാണ്.
ആദ്യഘട്ടത്തിൽ 30 വിമാനങ്ങളാകും സർവീസ് നടത്തുക. 1375 കോടി രൂപയാണ് ഇരു കമ്പനികളും മുടക്കുക. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച് ആറുമാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നരേഷ് ഗോയൽ 1993ൽ സ്ഥാപിച്ച ജെറ്റ് എയർവെയ്‌സ് 124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായി വളർന്നെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2019 ഏപ്രില്‍ 18ന് പ്രവർത്തനം അവസാനിപ്പിച്ചു. 2019 ജൂണ്‍ 20 ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ച് പാപ്പരത്ത നടപടിക്കു തുടക്കമിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകളിലുള്ള കുടിശ്ശിക 8,000 കോടിയിലധികം രൂപയാണ്.
Discussion about this post