ലണ്ടൻ: വിവാദ വജ്ര വ്യവസായി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ ഉടൻ ലണ്ടനിൽ ആരംഭിക്കും. ഇന്ത്യക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ നീരവ് മോദി നൽകിയ അപേക്ഷ സ്വീകരിക്കാൻ യുകെ ഹൈക്കോടതി തയ്യാറായില്ല. ഇതോടെ നീരവിന്റെ അവസാന ശ്രമവും പരാജയപ്പെട്ടിരിക്കുകയാണെന്ന് നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നേരത്തെ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയിരുന്നു. മൂന്നു പേരുടെയുമായി ആകെ 9371 കോടി രൂപയാണ് ഇഡി കണ്ടുകെട്ടി പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റിയത്.
പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയ നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്. നീരവും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്നാണു തട്ടിപ്പ് നടത്തിയത്.
Discussion about this post