വാഷിംഗ്ടൺ: ജോർജ് ഫ്ലോയ്ഡ് വധക്കേസിൽ മുൻ അമേരിക്കൻ പൊലീസുകാരൻ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവു ശിക്ഷ. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന കേസിലാണ് മിനിയാപൊളിസ് കോടതി ശിക്ഷ വിധിച്ചത്.
2020 മേയ് 25-നാണ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഷോവിന്‍ ഫ്‌ളോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തി. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്‌ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്നും 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പീറ്റര്‍ കാഹിൽ പറഞ്ഞു. ഫ്‌ലോയ്ഡിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതായും അധികാരസ്ഥാപനത്തിന്റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയതെന്നും വിധിന്യായത്തിൽ പറയുന്നു.










