പാലക്കാട്: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ സൈബര്‍ പോരാളിയായ അര്ജ്ജുന് ആയങ്കിയുടെ അടക്കം പങ്ക് പുറത്തുവന്ന സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് എം.എല്‍.എ. ഷാഫി പറമ്പില്‍. സി.പി.ഐ.എം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് തിരുത്തേണ്ട സാഹചര്യമാണെന്നും സ്വര്‍ണ്ണക്കടത്ത് വാര്‍ത്തകളുടെ ഓരോ തുമ്പും സി.പി.എമ്മിലാണ് അവസാനിക്കുന്നത് എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
സി.പി.എമ്മിലെ മുതിര്‍ന്നവരുടെ മാഫിയാ തലവന്‍ കൊടി സുനിയുടെ നേതൃത്വത്തിലാണെങ്കില്‍ ഡി.വൈ.എഫ്.ഐക്കും, എസ്.എഫ്.ഐക്കും ആകാശ് തില്ലങ്കേരിയും, അര്ജുന് ആയങ്കിയുമാണ് മാഫിയ തലവന്മാരെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.
കുറ്റം ചെയ്യുന്നവര്‍ പിടിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ പിണറായി വിജയന്റെ വാഴ്ത്തു പാട്ടുകളാണെന്നും ഇവര്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുത്ത ചിത്രങ്ങള്‍ വരെ പുറത്ത് വന്നിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
നേതാക്കളോടൊപ്പമുള്ളതും, റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുത്തതുമായ ചിത്രങ്ങളില്‍ മാത്രമല്ല അവര്‍ ഇടപെട്ട കേസുകളില്‍ നിന്നും പാര്‍ട്ടിയുമായുളള ബന്ധം വ്യക്തമാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. സിപിഎം മാഫിയ പ്രവര്‍ത്തകരെ സംഘടന വല്‍ക്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post