ഡൽഹി: മാലിദ്വീപ് മാതൃകയിൽ ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിന് കേന്ദ്ര സർക്കാർ. ഇതിനായി 3 ദ്വീപുകളുടെ ടൂറിസം വികസനത്തിന് 806 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ബീച്ച് ടൂറിസം, ജലവിനോദങ്ങൾ എന്നിവയ്ക്കു പ്രാമുഖ്യം നൽകി റിസോർട്ടുകൾ നിർമിക്കാനാണു പദ്ധതി.
കടമത്ത്, മിനിക്കോയ്, സുഹേലി എന്നീ ദ്വീപുകളിലെ റിസോർട്ടുകളിലായി മൊത്തം 370 വില്ലകളുണ്ടാകും. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയാകും റിസോർട്ടുകൾ നിർമ്മിക്കുക. വിനോദസഞ്ചാരികളെ നേരിട്ടു റിസോർട്ടുകളിലെത്തിക്കാൻ സ്വകാര്യ ഹെലിപാഡുകളുൾപ്പെടെ നിർമിക്കും.
നീതി ആയോഗിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും മേൽനോട്ടത്തിലുള്ള പദ്ധതികൾക്കു കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകി. കേന്ദ്ര ധനസെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പദ്ധതി ആസൂത്രണം ചെയ്തത്.
വാട്ടർ വില്ലകൾക്കായി 3 ദ്വീപുകളിലും 6 ഹെക്ടർ വീതം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ബീച്ച് വില്ലകൾ നിർമിക്കാൻ കടമത്തിൽ 5.55 ഹെക്ടർ, സുഹേലിയിൽ 3.82 ഹെക്ടർ, മിനിക്കോയിയിൽ രണ്ടിടത്തായി മൊത്തത്തിൽ 8.53 ഹെക്ടർ എന്നിങ്ങനെയാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.










