കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. അഭിഭാഷകർക്ക് ഒപ്പമാണ് അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിയത്.
രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണ്ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ അന്നേ ദിവസം എത്തിയിരുന്നു. സംഭവ ദിവസം അര്‍ജുന്‍ ആയങ്കിയും കരിപ്പൂരില്‍ എത്തിയതിന്റെ തെളിവ് പുറത്തു വന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്. അര്‍ജുന്‍ എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ പിന്നീട് കണ്ണൂര്‍ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുകയും പോലീസ് എത്തും മുന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച മറ്റൊരിടത്ത് കാര്‍ കണ്ടെത്തി.
രാവിലെ 11 മണിയ്ക്ക് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരാകാൻ അർജുന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിശ്ചയിച്ച സമയത്തിന് മുന്നെ തന്നെ അര്‍ജുൻ കൊച്ചിയിൽ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അർജുൻ ആയങ്കി ഒളിവിലായിരുന്നു. ചോദ്യം ചെയ്യാൻ ഹാജരാകുമോ എന്ന സംശയം നിലനിൽക്കെയാണ് അഭിഭാഷകനൊപ്പം അർജുൻ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിയത്. രണ്ടര കിലോയോളം സ്വർണ്ണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്‍റെ മൊഴി പ്രകാരം അർജുൻ ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ.
അര്‍ജുൻ ആയങ്കി ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത് എന്നത് അടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ഇത്തരം കാര്യങ്ങളും ഒപ്പം അർജുൻ ഇടനിലക്കാരനാണെങ്കിൽ സ്വർണ ഇടപാട് ആര്‍ക്ക് വേണ്ടി അതിനുള്ള ഫണ്ട് എവിടെ നിന്ന് തുടങ്ങി നിര്‍ണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കിട്ടാനുള്ളത്. മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഷഫീഖിനെ കസ്റ്റഡിയിൽ കിട്ടിയാൽ ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.












