തിരുപ്പതി: ആന്ധ്ര പ്രദേശിലെ തിരുപ്പതിയിൽ ദിവസങ്ങൾക്കു മുൻപു സ്യൂട്ട് കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഭുവനേശ്വരിയുടേതാണെന്നു (27)പൊലീസ് സ്ഥിരീകരിച്ചു. ഭർത്താവ് ശ്രീകാന്ത് റെഡ്ഡിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അറിയിച്ചത്.
മൃതദേഹം 90ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും ദിവസങ്ങൾക്കു മുൻപു ശ്രീകാന്ത് ഷോപ്പിങ് മാളിൽനിന്നു വലിയ സ്യൂട്ട് കേസ് വാങ്ങിയതു ശരീരം ഒളിപ്പിക്കാനാണെന്നും പിന്നീട് ഇയാൾ ശരീരം കത്തിച്ചെന്നും തിരുപ്പതി അർബൻ പൊലീസ് മേധാവി രമേശ് റെഡ്ഡി പറഞ്ഞു. ശ്രീകാന്ത് സ്യൂട്ട് കേസുമായി അപ്പാർട്മെന്റിൽ എത്തുന്നതിന്റെയും പിന്നീടു സ്യൂട്ട് കേസും ഉരുട്ടിക്കൊണ്ടു പുറത്തേക്കു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. കുറച്ച് എല്ലുകളും തലയോട്ടിയും ഒഴികെയുള്ള ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു. സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
തിരുപ്പതിയിലാണു ദമ്പതികൾ താമസിച്ചിരുന്നത്ഇവർക്ക് ഒന്നര വയസ്സുള്ള മകളുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ കുറച്ചു നാളായി ഭുവനേശ്വരി വർക് ഫ്രം ഹോമായിരുന്നു. എൻജിനീയറിങ് ബിരുദധാരിയായ ശ്രീകാന്തിന് ഏതാനും മാസങ്ങൾക്കു മുൻപു ജോലി നഷ്ടമായിരുന്നു. ഭുവനേശ്വരി കോവിഡ് ബാധിച്ചു മരിച്ചെന്നാണു ശ്രീകാന്ത് ബന്ധുക്കളോടു പറഞ്ഞിരുന്നത്.
Discussion about this post