മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ സുരേഷ് ഗോപിയെ അധിക്ഷേപിക്കുന്നവർക്കെതിരെ സംവിധായകൻ ജോസ് തോമസ്. മുപ്പത് വർഷത്തോളം സൗഹൃദമുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും അങ്ങനെയുള്ള ഒരാളെക്കുറിച്ച് മോശം പറയുന്നത് സഹിക്കാൻ കഴിയില്ലെന്നും ജോസ് തോമസ് പറയുന്നു.
സുരേഷ് ഗോപി നിർമ്മാതാക്കളിൽ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയിൽ പ്രചരണങ്ങളുണ്ടായി. എന്നിട്ടും നിരവധിപേർ പണം കൊടുക്കാനുണ്ടായിരുന്നു. കരഞ്ഞു പറയുമ്പോൾ അദ്ദേഹത്തിന്റെ മനസലിഞ്ഞുപോകും. ജോസ് തോമസ് പറയുന്നു.
കർശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവർത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്. എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. സിനിമയിലും രാഷ്‌ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താൻ അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും എവിടെയും കൊട്ടിപ്പാടി നടന്നിട്ടില്ല. അതാണ് വ്യക്തിത്വം. ജോസ് തോമസ് ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെയുള്ള സുരേഷ് ഗോപി ഒരു രാഷ്‌ട്രീയ പാർട്ടിയിൽ ചേർന്നപ്പോൾ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേൾക്കേണ്ടിവന്നത്. കമ്മിഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവർ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളിൽ സുരേഷിനെ അധിക്ഷേപിച്ചു. ഞാൻ വിശ്വസിക്കുന്ന രാഷ്‌ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവർ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ജോസ് തോമസ് പറയുന്നു.
അടുത്തകാലത്ത് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. ‘എന്റെ എംപി ഫണ്ടെല്ലാം തീർന്നു. ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ‌്ക്കണം.’ നമ്മൾ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ മനുഷ്യരായി കാണുക. അവർ ഏത് മതത്തിലോ പാർട്ടിയിലോ വിശ്വസിക്കട്ടെ. അതിന് അവരെ മോശക്കാരായി കാണരുത്. ജോസ് തോമസ് പറയുന്നു.
https://www.youtube.com/watch?v=ac0prk2dE-U&t=35s
സുരേഷ് ഗോപി നായകനായ സാദരം, സുന്ദര പുരുഷൻ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജോസ് തോമസ്.












