ഡൽഹി: ലോകത്ത് ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ കുടിവെള്ള വിതരണത്തിന്റെ നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ച് വൻ വിജയമായി ജലജീവൻ മിഷൻ. 2019ൽ നിലവിൽ വന്ന പദ്ധതി പ്രകാരം ഇതിനോടകം രാജ്യത്തെ 3 കോടി വീടുകളിലാണ് കുടിവെള്ളമെത്തിയത്. പദ്ധതിയുടെ ഗുണഫലം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയ 117 ഗ്രാമങ്ങളിൽ ജലലഭ്യത 7 ശതമാനത്തിൽ നിന്നും 31 ശതമാനമായി ഉയർന്നു. 22 മാസങ്ങൾ കൊണ്ടാണ് ഈ ലക്ഷ്യം സാദ്ധ്യമായത്.
രാജ്യത്തെ ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന 117 ഗ്രാമങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നതായി കേന്ദ്ര സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2024 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
2014ലെ ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ 12 കോടി വീടുകളിൽ കുടിവെള്ള ലഭ്യത ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലെ 40.27 ശതമാനം ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കഴിഞ്ഞു.
ഇന്ത്യയിലെ ശിശുമരണങ്ങളിൽ ഏറിയ പങ്കും നടന്നിരുന്നത് ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ മൂലമായിരുന്നു. എന്നാൽ ജലജീവൻ മിഷൻ പ്രകാരം ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നത് ശിശുമരണ നിരക്ക് ഗണ്യമായി കുറയാൻ കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.
മരുഭൂമി പ്രദേശങ്ങളിലും വരൾച്ച ബാധിത പ്രദേശങ്ങളിലും ജലമെത്തിക്കാൻ കഴിയുന്നു എന്നത് പദ്ധതിയുടെ മേന്മയാണ്. ദേശീയ ഗ്രാമീണ ജലവിതരണ പദ്ധതിക്കായി 10,001 കോടി രൂപയാണ് 2019-20 വർഷത്തിൽ കേന്ദ്ര സർക്കാർ നീക്കി വെച്ചത്. തുടർന്ന്, 11,500 കോടി, 50,000 കോടി എന്നിങ്ങനെ തുകകൾ നീക്കിയിരുത്തി.
ഗജേന്ദ്ര ശെഖാവത്ത് നയിക്കുന്ന ജലശക്തി മന്ത്രാലയമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
Discussion about this post