ഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി. രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ സദാ ഭീതിയുടെയും ആശയക്കുഴപ്പത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നത്തെ കോൺഗ്രസിന്റെ അവസ്ഥയും ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ആശയ ദാരിദ്ര്യം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാഹുൽ ഗാന്ധിക്ക് വിവരമില്ല. ലോകത്തിലെ ഏറ്റവും ബൃഹത്തായ വാക്സിൻ വിതരണ പദ്ധതി നടക്കുന്നത് ഇന്ത്യയിലാണെന്ന് പോലും അദ്ദേഹത്തിന് അറിയില്ല.‘ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.
വാക്സിൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോഴും ‘വാക്സിൻ എവിടെ?‘ എന്ന് പരിഹസിക്കുന്ന രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി മറ്റ് കേന്ദ്ര മന്ത്രിമാരും രംഗത്തെത്തി. വാക്സിൻ ലഭ്യതാ ചാർട്ട് കേന്ദ്ര സർക്കാർ സമയത്ത് തന്നെ പ്രസിദ്ധീകരിച്ചുവെന്നും അക്ഷരം അറിയാമെങ്കിൽ പോയി വായിച്ച് നോക്കാനുമായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർദ്ധന്റെ മറുപടി. രാഹുലിന്റെ യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ലെന്നും കോൺഗ്രസിനകത്തെ നേതൃദാരിദ്ര്യവും പടലപ്പിണക്കങ്ങളുമാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യം കൊവിഡ് മഹാമാരി പോലെ ഒരു ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ രാഹുലിന്റെ തമാശകൾ ആസ്വദിക്കാൻ സമയമില്ലെന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലിന്റെ പ്രതികരണം.
രാജ്യത്തെ ജനങ്ങൾക്കിടയിൽ രാഹുൽ ഇപ്പോഴും വിദ്വേഷം പരത്തുകയാണെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി.










