പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട് ഇരുട്ടിന്റെ മറപറ്റി ജീവനെടുക്കാൻ വരുന്ന സൈക്കോപാത്തുകളെ. അവരെ കുറിച്ചുള്ള അന്വേഷണവും ഉദ്വേഗജനകമായിരിക്കും. എന്നാൽ ചലച്ചിത്രത്തിനുമപ്പുറം ചരിത്രങ്ങള്‍ക്കും പറയാനുണ്ട് ചോര മരവിപ്പിക്കുന്ന പരമ്പരക്കൊലയാളികളുടെ യഥാർഥ കഥകൾ. അത്തരമൊരു കഥയാണ് ഉത്തരേന്ത്യയിലെ ദുരൂഹമായ കുന്നുകളില്‍ വഴിയാത്രക്കാരായ ജനങ്ങളെ ഭീക്ഷണിപ്പെടുത്തുകയും നാണയംകെട്ടിയ മഞ്ഞത്തൂവാല കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയും ചെയ്യുന്ന തഗുകളുടേത് .
മധ്യപ്രദേശിലെ ജബൽപുരിനടുത്തുള്ള സ്ലീമാനാബാദ് എന്ന ഗ്രാമത്തിനോട് ചോദിച്ചാൽ പറയും ആരെയും ഭയപ്പെടുത്തുന്ന മരണത്തിന്റെ മണമുള്ള ആ കഥകൾ. യാത്രാ സംഘത്തിനൊപ്പം സഹായിയായോ സഹായം അഭ്യര്‍ത്ഥിച്ചോ ആണ് തഗുകള്‍ വരിക. അന്ന് അതായത് പതിനെട്ടാം നൂറ്റാണ്ടിൽ അവർക്കൊരു നായകൻ ഉണ്ടായിരുന്നു.ബേഹ്‌റാം തഗ്. കൊള്ളസംഘ പരമ്പരയിൽപ്പെട്ട കുപ്രസിദ്ധൻ.
കൊള്ളയും കൊലയും ആചാരമായിരുന്നു തഗുകള്‍ക്ക്. പിതാവില്‍ നിന്ന് മക്കളിലേക്ക് തൊഴില്‍ കൈമാറും. വളരെ വിചിത്രമായ അതിലുപരി ഭീതിജനിപ്പിക്കുന്ന ഒരു ജനതയാണ് തഗുകള്‍. 931 പേരെ കൊലപ്പെടുത്തിയ സംഘമാണ് തഗുകൾ.
ഉത്തരേന്ത്യയില്‍ ഒരു തഗി പിറക്കുന്നത് പത്താം വയസിലാണ്. ആദ്യമായി കൊലയ്ക്ക് ആ കുട്ടിയെ സാക്ഷിയാക്കും. കൊലയുടെയും കൊള്ളയുടെയും ആദ്യ പാഠങ്ങള്‍ പഠിപ്പിക്കുവാന്‍ ഒരു ഗുരു ഉണ്ടാകും. ചടങ്ങുകള്‍ ആരംഭിക്കുന്നത് കാളിക്ക് ബലിയര്‍പ്പിച്ചാണ്. പണി ആയുധമായ തൂവാലയും കുരുക്കുകളും പൂജിച്ചെടുക്കും. കഴുത്ത് മുറുക്കാനുള്ള തൂവാലയില്‍ നാണയംവെച്ചു കെട്ടും. ക്ഷമയായിരുന്നു തഗുകളുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം
വ്യാപാരികളുടെയും സഞ്ചാരികളുടെയും തീർഥാടകരുടെയും സംഘത്തെയാണ് തഗുകൾ പ്രധാനമായും ഉപദ്രവിച്ചിരുന്നത്. സ്ത്രീകൾ, കുട്ടികൾ, മുസ്‌ലിം സൂഫികൾ, പാവങ്ങൾ, സംഗീതജ്ഞർ, കുഷ്ഠരോഗികൾ, വിദേശികൾ എന്നിവരെ ഉപദ്രവിക്കില്ല.
വ്യാപാരികളുടെയും മറ്റും സംഘങ്ങളിലേക്ക് വേഷപ്രച്ഛന്നരായി കടന്നു ചെല്ലുന്നതാണ് തഗ് സംഘത്തിന്റെ രീതി. പിന്നീട് വ്യാപാരികളുടെ വിശ്വാസം പിടിച്ചുപറ്റും. തഗുകള്‍ യാത്രാസംഘങ്ങള്‍ക്കൊപ്പം ചേരുമ്പോൾ തന്നെ മറ്റു സംഘങ്ങങ്ങള്‍ അവര്‍ക്കായി കുഴിമാടം ഒരുക്കിയിട്ടുണ്ടാകും. മരണം അടുത്ത് എത്തിയാല്‍ സഹായികള്‍ ഇരുട്ടില്‍ അപ്രത്യക്ഷരാകും. ചിലപ്പോള്‍ അവര്‍ തന്നെ കൊലയാളികളായി മാറും. പൊടുന്നെനെയായിരിക്കും പിന്നില്‍ നിന്നും കഴുത്തില്‍ കുരുക്ക് വീഴുന്നത്.
രാത്രിയിൽ അവർ ഉറങ്ങുമ്പോൾ കുറുക്കന്റെ ശബ്ദത്തിൽ കരഞ്ഞ് മറ്റു സംഘാംഗങ്ങളെയും വിവരം അറിയിക്കും. പിന്നീടാണ് അരുംകൊല. മൃതദേഹങ്ങളെല്ലാം ഏതെങ്കിലും കിണറ്റിലോ ഗർത്തത്തിലോ തള്ളും.
വശങ്ങളിൽ മൂർച്ചയുള്ള നാണയമാണ് റുമാലിനുള്ളിൽ തിരുകിയിരുന്നത്. ഇരകളുടെ കഴുത്തിൽ ഈ റുമാൽ മുറുക്കിക്കഴിഞ്ഞാൽ ആർക്കും രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. കഴുത്തിന്റെ കൃത്യം മധ്യഭാഗത്താണ് ബേഹ്‌റാമിന്റെ റുമാൽ പിടിമുറുക്കുന്നത്. അവിടെയാണ് റുമാലിൽ ഒളിപ്പിച്ച നാണയം. അത് ഇരയുടെ കഴുത്തിന്റെ മധ്യത്തിൽ ഉറയ്ക്കും. എത്ര കരുത്തനെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞുവീഴും
931 പേരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നായകൻ ബേഹ്‌റാം മൊഴി നൽകിയിരുന്നു. അതിൽ നൂറ്റിഅൻപതോളം കൊലകൾ നേരിട്ടാണു ചെയ്തത്.അവരുടെ കുലദൈവമായിരുന്ന കാളിമ തങ്ങളെ ഇത്തരം കാര്യങ്ങള്‍ക്ക് നിയോഗിച്ചിരിക്കുന്നു എന്ന് അവര്‍ വിശ്വസിച്ചു പോകുന്നു. ഈ വിശ്വാസത്തിന് അടിത്തറ പാകാന്‍ അവര്‍ക്ക് ഒരു ഐതീഹ്യവുമുണ്ട്.
രക്തഭീജ എന്ന, മനുഷ്യനെ തിന്നു നശിപ്പിക്കുന്ന ദുര്‍ദേവതയോട് കാളി ഭൂമിയില്‍ വെച്ച് ഒരു യുദ്ധം നടത്തി. മുറിവേറ്റ രക്തഭീജിയുടെ ഓരോ തുള്ളി ചോരയും ഭൂമിയില്‍ പതിക്കുമ്പോൾ മറ്റൊരു ദുര്‍ദേവതയായി രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്നു. രക്തബീജയുമായി യുദ്ധം ചെയ്‌തു മടുത്ത ഭവാനി ദേവി രണ്ടു മനുഷ്യരെ സൃഷ്ട്ടിച്ചു. ഇതാണ് ഐതീഹ്യം, ഉറുമാല്‍ ആയുധമാക്കി അവരോട് ദുര്‍ദേവതകളെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ആവശ്യപ്പെട്ടു. അവരുടെ അവതാരലക്ഷ്യം നേടിയപ്പോള്‍ അവരോട് ഉറുമാല്‍ വീട്ടില്‍ സൂക്ഷിക്കുവാനും അവരുടെ കൂട്ടത്തില്‍ പെടാത്തവരെ എല്ലാം കൊല്ലുവാനും ആവശ്യപ്പെട്ടു. പുതുതായി സ്ഥാനം ലഭിക്കുന്നവരോട് തഗുകൾ പറയുന്ന കഥയാണിത്.
കൊല നടത്താന്‍ അംഗങ്ങള്‍ക്ക് സൂചന നല്‍കാനും തഗുകള്‍ക്ക് അവരുടേതായ രീതിയുണ്ട്. ഓറഞ്ച് തൂവാല വീശുക, പുകയില ചോദിക്കുക തുടങ്ങിയവയാണത്. ഇരകള്‍ നിലവിളിക്കുമ്പോൾ ഉച്ചത്തില്‍ പാട്ട് പാടും. കരച്ചിലിന്റെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനും കൂടാരങ്ങള്‍ക്ക് അകത്തേക്ക് ആരും വരാതിരിക്കാനും പുറത്തേക്ക് രക്ഷപെടാതിരിക്കുവാനും ചുറ്റും കാവല്‍ നില്‍ക്കുവാനും ആളുകളുണ്ടായിരിക്കും
ചിലപ്പോഴൊക്കെ ബ്രിട്ടിഷ് സൈനിക സംഘങ്ങളെയും തഗ് സംഘം ലക്ഷ്യമിട്ടു. അതോടെയാണ് ഈസ്റ്റിന്ത്യാ കമ്പനി ഉണർന്നു പ്രവർത്തിച്ചത്. തഗുകളെക്കുറിച്ച് അന്വേഷിക്കാനും വിവരം ശേഖരിക്കാനും മാത്രമായി ഓഫിസറെ നിയോഗിച്ചു. 1838 ലാണ് തഗുകൾ അറസ്റ്റിലായത്. 1840ൽ നായകൻ ബേഹ്‌റാമിനെയും സംഘത്തെയും തൂക്കിലേറ്റി. ബേഹ്റാമും സംഘവും കൊള്ളയടിച്ച സ്വർണവും വെള്ളിയും രത്നവുമൊന്നും ഇന്നേവരെ കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല.
Discussion about this post