തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ അര്‍ജ്ജുന്‍ എന്ന കുട്ടിയാന ഹെര്‍പ്പിസ് ബാധയേത്തുടര്‍ന്ന് ചരിഞ്ഞു . ആന പുനരധിവാസ കേന്ദ്രത്തില്‍ അടുത്തിടെ ചരിയുന്ന രണ്ടാമത്തെ ആനക്കുട്ടിയാണ് അര്‍ജ്ജുന്‍. കഴിഞ്ഞയാഴ്ച ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞിരുന്നു.
അര്‍ജ്ജുന്‍ എന്ന ആറ് വയസുള്ള കുട്ടിയാനയാണ് ചരിഞ്ഞത്. ഹെര്‍പ്പിസ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നു അര്‍ജുന്‍. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെ മറ്റ് രണ്ട് കുട്ടിയാനകള്‍കൂടി വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിയാണ്. കണ്ണന്‍, ആമിന എന്നീ കുട്ടിയാനകളാണ് ചികിത്സയില്‍ തുടരുന്നത്.
ആന പുനരധിവാസ കേന്ദ്രത്തില്‍ കുട്ടിയാനകള്‍ തുടര്‍ച്ചയായി ചരിയുന്ന സാഹചര്യത്തില്‍ നടപടിക്ക് വനംവകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് ഹെര്‍പ്പിസ് വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് ആനകളിലേക്ക് വൈറസ് ബാധ പടരുന്നത് തടയുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന കുട്ടിയാന സംഘത്തിലെ ഒന്നരവയസ്സുകാരി ശ്രീക്കുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് ചരിഞ്ഞത്. ആര്യങ്കാവ് അമ്പനാട് നിന്നും ഒരു മാസം പ്രായമുള്ളപ്പോഴാണ് ആനയെ വനംവകുപ്പിന് ലഭിച്ചത്. നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്ന ആനയ്ക്ക് ശ്രീക്കുട്ടി എന്ന പേരും നല്‍കിയാണ് കോട്ടൂരില്‍ കൊണ്ടുവന്നത്.












