കൊല്ലം: ബധിരയും മൂകയുമായ അനാഥ യുവതിയെ തീ കൊളുത്തി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. കൊല്ലം പള്ളിത്തോട്ടം ക്യു.എസ്.എസ്.എസ്. കോളനി വെളിച്ചം നഗറിലെ 97-ാം നമ്പർ വീട്ടിൽ മോളി (29) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് അനിൽകുമാറിനെയാണ് (39) ശിക്ഷിച്ചത്.
2017 ഒക്ടോബർ 31-ന് രാത്രിയായിരുന്നു സംഭവം. രണ്ടര വയസ്സുള്ള കുഞ്ഞിന് ഭക്ഷണം തയ്യാറാക്കുകയായിരുന്ന മോളിയെ കന്നാസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വാതിൽ തകർത്ത് അകത്തുകയറിയ അയൽവാസികൾ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അനിൽ കുമാർ സമ്മതിച്ചില്ല.
സംശയം കാരണം അനിൽകുമാർ മോളിയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നു. മോളിയെയും കുഞ്ഞിനെയും മുറിക്കുള്ളിൽ പൂട്ടിയിട്ടിട്ടാണ് ഇയാൾ മത്സ്യബന്ധനത്തിനു പോയിരുന്നത്. പ്രതിയും ബധിരനും മൂകനുമാണ്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിന തടവ് അനുഭവിക്കണമെന്നും അഡീഷണൽ സെഷൻസ് ജഡ്ജി വിധിച്ചു.












