തിരുവനന്തപുരം: രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ അഞ്ചിലൊന്നും കേരളത്തിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് രോഗവ്യാപനം ഉയരുകയാണ്. ഒരാഴ്ചയായി അൻപതിനായിരത്തില്‍ താഴെയാണ് രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം. എന്നാൽ കേരളത്തില്‍ ചൊവ്വാഴ്ച 14,000ൽ ഏറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
10,000നു മുകളില്‍ പ്രതിദിന രോഗബാധിതരുള്ള ഏക സംസ്ഥാനവും കേരളമാണ്. രാജ്യത്ത് ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 3.1 മാത്രമാണെങ്കില്‍ കേരളത്തില്‍ 10ന് മുകളിലാണ്. രാജ്യത്ത് നാലരലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നതില്‍ ഒരു ലക്ഷവും കേരളത്തിലാണ്.
റൂം ക്വാറന്റീന്‍ പാലിക്കുന്നതില്‍ കടുത്ത വീഴ്ചയാണ് മലയാളികൾ വരുത്തുന്നത് എന്നാണ് റിപ്പോർട്ട്. രോഗികളുടെ എണ്ണം കുറഞ്ഞു നില്‍ക്കുമ്പോഴും വൈറസ് ബാധിക്കുന്നവരെ വീടുകളില്‍നിന്ന് മാറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
നിരീക്ഷണത്തിലും സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിലും ജാഗ്രത വേണമെന്ന് കേരളം സന്ദർശിച്ച കേന്ദ്ര സംഘം നിർദേശം നൽകിയിരുന്നു. രോഗം വരാന്‍ സാധ്യതയുളളവരുടെ എണ്ണം കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്നാണ് നിർദേശം.












